പീഡനശ്രമം :യുവതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി
കോഴിക്കോട്: മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് താഴേക്ക് ചാടി. സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് പീഡനത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ മുക്കം കോഴിക്കോട് റോഡിൽ മാമ്പറ്റയിലാണ് സംഭവം.
ഹോട്ടലിനോട് ചേർന്ന് വാടക കെട്ടിടത്തിൻ്റെ മുകളിലെ നിലയിലാണ് ഇവർ താമസിച്ചിരുന്നത്. അർധരാത്രി ഹോട്ടല്‍ ഉടമസ്ഥനും രണ്ട് ജീവനക്കാരും കെട്ടിടത്തിന് മുകളിൽ എത്തി പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ താഴേക്ക് എടുത്തുചാടി എന്നാണ് യുവതി മുക്കം പൊലീസിന് നല്‍കിയ മൊഴി. വീഴ്‌ചയില്‍ നട്ടെല്ലിന് പരിക്കേറ്റ യുവതിയെ രാത്രി നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും അതിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിനിക്കാണ് പരിക്കേറ്റത്.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തു .