കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ 7 പേർക്കെതിരെ വധശ്രമത്തിന് കേസ്

0
cunducter

കണ്ണൂർ :  ഓടിക്കൊണ്ടിരുന്ന ബസിൽ കണ്ടക്ടർക്ക് ക്രൂര മർദനമേറ്റ സംഭവത്തിൽ പ്രതികൾക്കെതിരെ വധശ്രമമുൾപ്പടെ 9 വകുപ്പുകൾ ചുമത്തി ചൊക്ലി പൊലീസ് കേസെടുത്തു. തലശേരി – തൊട്ടിൽപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ജഗന്നാഥ് ബസിലെ കണ്ടക്ടർ വിഷ്ണുവിനാണ് പെരിങ്ങത്തൂരിൽ വെച്ച് മർദനമേറ്റത്.ഭാരതീയ ന്യായ സംഹിത പ്രകാരം 182 (2), 191 (2), 191 (3), 126 (2), 115 (2), 118 (1), 296 (b), 110, 190 വകുപ്പുകൾ ചുമത്തിയാണ് കേസ്.സവാദ് ഒന്നാം പ്രതിയായും, വിശ്വജിത്ത് രണ്ടാം പ്രതിയായും ആണ് കേസ്. തിരിച്ചറിയാത്ത 5 പ്രതികൾക്കെതിരെയും കേസുണ്ട്.ബസ്സിൽ കണ്ടക്റ്ററെ അതിക്രൂരമായി സംഘം ചേർന്ന് മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇന്നലെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു .

പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ബസ് തൊഴിലാളി യൂണിയൻ.പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും, ഉടൻ പിടികൂടുമെന്ന ചൊക്ലി സി.ഐയുടെ ഉറപ്പിനെ തുടർന്ന് യൂണിയൻ സമരത്തിൽ നിന്ന് പിന്മാറി.അതേ സമയം തൊഴിലാളികളിൽ ഒരു വിഭാഗം സമരത്തിൽ ഉറച്ച് നിൽക്കുകയാണെന്ന വിവരവുമുണ്ട്. തൊഴിലാളികളുടെ വാട്സപ്പ് ഗ്രൂപ്പുകളിൽ ഇത്തരം സന്ദേശങ്ങൾ പ്രചരിക്കുന്നുമുണ്ട് .കെ. എൽ 58 ഡബ്ല്യു 2529 നമ്പർ ജഗന്നാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണുവി (28)നാണ് കഴിഞ്ഞദിവസം മർദനമേറ്റത്. ബസിൽ കയറിയ വിദ്യാർത്ഥിനിക്ക് പാസില്ലാത്തതിനാൽ ഫുൾ ചാർജ് ഈടാക്കിയതിനാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് ബസ് ജീവനക്കാർ പറയുന്നത്.എന്നാൽ ഇത്തരത്തിൽ പരാതി ഉയർന്നപ്പോൾ തന്നെ ബസിലെ ദൃശ്യങ്ങളടക്കം കാണിച്ച് സത്യാവസ്ഥ ബന്ധുക്കളെ അറിയിച്ചിരുന്നതായും അടുത്ത തവണ ഫുൾ ചാർജ് ഈടാക്കുമെന്ന് പറയുക മാത്രമാണ് ചെയ്തതെന്നും വിഷ്ണു വ്യക്തമാക്കി.അതേ സമയം കണ്ടക്ടർ അസഭ്യവർഷം നടത്തിയെന്നും, തള്ളിയിട്ടെന്നും കാണിച്ച് വിദ്യാർത്ഥിനി നാദാപുരം പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *