നടുറോഡിൽ യുവതിയെ കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
തൃശൂർ: പുതുക്കാട് സെൻ്ററിൽ നടുറോഡിൽ വെച്ച് യുവതിയെ കുത്തികൊലപ്പെടുത്താൻ ശ്രമം. ബസാർ റോഡിലെ എസ്ബിഐ ബാങ്കിലെ ക്ലീനിംഗ് ജീവനക്കാരിയായ കൊട്ടേക്കാട് ഒലഴിക്കൽ വീട്ടിൽ 28 വയസുള്ള ബിബിതക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കേച്ചേരി സ്വദേശി കൂള വീട്ടിൽ ലിസ്റ്റിൻ പുതുക്കാട് പോലീസിൽ കീഴടങ്ങി. ഇന്ന് രാവിലെയാണ് സംഭവം. ബസ് ഇറങ്ങി ബാങ്കിലേക്ക് പോകുന്നതിനിടെ പുതുക്കാട് പള്ളിയുടെ മുൻപിൽ വെച്ച് ലിസ്റ്റിൻ ബിബിതയെ കുത്തുകയായിരുന്നു. റോഡിൽ വീണുകിടന്ന യുവതിയെ നാട്ടുകാർ ചേർന്നാണ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഒൻപത് തവണ യുവതിക്ക് കുത്തേറ്റു.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുറച്ചുനാളായി അകന്നു കഴിയുകയാണ്. പത്തുവയസുള്ള ഇവരുടെ മകൻ ലിസ്റ്റിൻ്റെ കൂടെയാണ് കഴിയുന്നത്. മകൻ്റെ ചികിത്സക്ക് പണം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യവും ഭാര്യയോടുള്ള സംശയവുമാണ് ആക്രമണത്തിന് കാരണമെന്ന് പറയുന്നു. കുറച്ചുനാളുകൾക്ക് മുൻപ് ബാങ്കിൽ എത്തി ഭാര്യയെ ആക്രമിച്ച സംഭവത്തിൽ ലിസ്റ്റിനെതിരെ പുതുക്കാട് പോലീസിൽ പരാതിയുണ്ട്.