വ്യാജ രേഖകൾ ഹാജരാക്കി പരോളിന് ശ്രമം: ഉത്ര വധക്കേസ് പ്രതിക്കെതിരെ കേസ്

0

തിരുവനന്തപുരം: അടിയന്തര പരോള്‍ കിട്ടാന്‍ അച്ഛന് ഗുരുതര രോഗമുണ്ടെന്ന് എഴുതി ചേര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഉത്ര വധക്കേസ് പ്രതി സൂരജിനെതിരെ പൂജപ്പുര പോലീസ് കേസ് എടുത്തു.
ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ തടവുശിക്ഷ അനുഭവിക്കുകയാണ് പ്രതി സൂരജ്. 17 വര്‍ഷം തടവും ഇരട്ട ജീവപര്യന്തവും ശിക്ഷ ലഭിച്ചാണ് സൂരജ് ജയിലില്‍ കഴിയുന്നത്. അടിയന്തരമായി പരോള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതരെ സമീപിച്ചപ്പോൾ സംശയം തോന്നിയതിനെ തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. തന്റെ സര്‍ട്ടിഫിക്കറ്റ് തന്നെയാണിതെന്നും എന്നാല്‍ ഗുരുതര രോഗമുണ്ടെന്ന് ഇതില്‍ എഴുതിയിരുന്നില്ലെന്നും ഇത് എഴുതിച്ചേര്‍ത്തതാണെന്നും ഡോക്ടര്‍ വ്യക്തമാക്കുകയായിരുന്നു. ഇതില്‍ തുടര്‍ നടപടി സ്വീകരിക്കാമെന്നും ഡോക്ടര്‍ പറഞ്ഞു. തുടര്‍ന്ന് പൂജപ്പുര പൊലീസില്‍ ജയില്‍ അധികൃതര്‍ പരാതി നല്‍കി. ഇന്നലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സൂരജിന്റെ അമ്മയാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ജയിലില്‍ ഹാജരാക്കിയത്. അവരെ അടക്കം ഇനി ചോദ്യം ചെയ്യേണ്ടതുണ്ട്.

സ്ഥിരമായി കോടതിയെ കബളിപ്പിക്കുകയാണ് പ്രതികള്‍ നാല് പേരുടെയും പരിപാടിയെന്ന് കൊല്ലപ്പെട്ട ഉത്തരയുടെ പിതാവ് വിജയസേനന്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് ഇത്തരം പ്രവര്‍ത്തികള്‍ നിസാരമാണെന്നും അതിനുള്ള സ്വാധീനമുണ്ടെന്നും അദ്ദേഹംപറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *