മോഷണശ്രമം കോട്ടയത്ത് അഞ്ചുവീടുകളിൽ; സി.സി.ടി.വി. നശിപ്പിച്ചു, ജനൽകമ്പി വളച്ച് അകത്തുകയറാനും ശ്രമം

മാധവന്‍പടി: കോട്ടയത്ത് വടവാതൂരിന് സമീപം മാധവന്‍പടിയില്‍ നിരവധി വീടുകളില്‍ മോഷണശ്രമം. മോഷ്ടാവിന്റെ സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങള്‍ പുറത്തെത്തി. മാധവന്‍പടി ജങ്ഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചുവീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്.
വീടുകളില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ മോഷ്ടാവ് നശിപ്പിച്ചിട്ടുമുണ്ട്. എങ്കിലും ക്യാമറ ദൃശ്യങ്ങളിലൊന്നില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. മെലിഞ്ഞ്, ഉയരമുള്ള 40 വയസിനടുത്ത് പ്രായം തോന്നിക്കുന്ന പുരുഷനാണ് കവര്‍ച്ചാശ്രമം നടത്തിയിരിക്കുന്നത്.
പ്രദേശവാസികളായ സരിന്‍, ലില്ലിക്കുട്ടി, പി.ടി മാത്യു, മോന്‍സി, വര്‍ഗീസ് തുടങ്ങിയവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ഒരു വീട്ടില്‍ ജനല്‍കമ്പി വളച്ച് അകത്തുകയറാന്‍ ശ്രമം നടത്തിയിട്ടുണ്ട്.
മറ്റൊരു വീട്ടില്‍, മോഷ്ടാവ് കയറിയത് മനസിലാക്കിയതോടെ പോലീസിനെയും വിജയപുരം പഞ്ചായത്ത് വാര്‍ഡ് മെമ്പറെയും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പരിശോധന നടത്തിയപ്പോഴാണ് സമീപ വീടുകളിലും മോഷണശ്രമം നടത്തിയത് കണ്ടെത്തിയത്. എന്നാല്‍ പിറ്റേന്ന് മാത്രമാണ് കൂടുതല്‍ വീടുകളില്‍ കയറിയതായി വ്യക്തമായത്.