ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെ
അട്ടമല (വയനാട്) : ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെ ജോലിക്കായി അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെയാണ്. ഏഴു കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച് 8 മണിക്കൂർ കൊണ്ടാണ് ഉദ്യോഗസ്ഥസംഘം ദുർഘടമായ രക്ഷാദൗത്യം പൂർത്തിയാക്കിയത്. കൽപറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കല്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽ കുമാർ, കല്പറ്റ ആർആർടി അംഗം അനൂപ് തോമസ് എന്നിവരായിരുന്നു ദൗത്യസംഘത്തിലുണ്ടായിരുന്നത്. ജീവൻ പണയംവച്ച് നടത്തിയ രക്ഷാദൗത്യത്തെക്കുറിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
‘‘വയനാട്ടിൽ ഉരുൾപൊട്ടിയ ദിവസം രാവിലെ പത്തുമണിയോടെ വനത്തിലേക്ക് പോയ സമയത്ത് ഒരു യുവതിയെയും 4 വയസ്സ് തോന്നിക്കുന്ന ചെറിയ കുട്ടിയെയും കാട്ടിൽ കണ്ടിരുന്നു. എങ്ങോട്ടുപോകുന്നുവെന്ന് ചോദിച്ചപ്പോൾ വെറുതെ ഇറങ്ങിയതാണെന്ന തരത്തിലുള്ള മറുപടിയാണ് കിട്ടിയത്. ഭക്ഷണത്തിനുവേണ്ടി ഇറങ്ങിയതാണെന്ന് ഞങ്ങൾക്ക് മനസ്സിലായെങ്കിലും അവരത് ഞങ്ങളോട് പറയാൻ തയാറായില്ല. അരി കിട്ടാത്തതുകൊണ്ട് തിരിച്ചുപോകാൻ ഒരുങ്ങിനിൽക്കുകയായിരുന്നു അവർ. പിന്നീട് രണ്ടുദിവസം കഴിഞ്ഞ് വ്യാഴാഴ്ച രാവിലെ വനത്തിനുള്ളിൽ ഇതേ യുവതിയെയും കുഞ്ഞിനെയും വീണ്ടും കണ്ടു. ഭക്ഷണം കിട്ടാതെ വലഞ്ഞ് ഭയപ്പെട്ട് നിൽക്കുകയായിരുന്നു അവർ.
സാധാരണ പുറത്തുനിന്നുള്ള മനുഷ്യരെ കണ്ടാൽ ഓടിമാറുന്ന അവർ ഇത്തവണ അതിനൊന്നും ശ്രമിച്ചില്ല. ഉടൻ ഞങ്ങൾ അടുത്തുള്ള ഒരു പാടി ചവിട്ടിപ്പൊളിച്ച് കുഞ്ഞിനെയും യുവതിയെയും അതിനുള്ളിലേക്ക് മാറ്റി. കയ്യിലുണ്ടായിരുന്ന ബെഡ്ഷീറ്റുകളിൽ ഒന്നു കൊടുത്ത് പുതപ്പിച്ചു. ഡോക്ടറെ വിവരമറിയിക്കുകയും ഉടൻ തന്നെ അദ്ദേഹമെത്തി പരിശോധിക്കുകയും ചെയ്തു. ഭാഗ്യവശാൽ ഇരുവരുടെയും ആരോഗ്യത്തിന് വലിയ കുഴപ്പമില്ലായിരുന്നു. പിന്നീട് അവരോട് തന്ത്രപൂർവം കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പേര് ശാന്തയെന്നാണെന്നും ചൂരൽമല ഏറാട്ടുകുണ്ട് ഊരിലാണ് താമസിക്കുന്നതെന്നും പറഞ്ഞത്. ശാന്തയ്ക്കൊപ്പമുള്ള കുഞ്ഞിനെ കൂടാതെ 3 ചെറിയ മക്കളും ഭർത്താവും ഊരിലെ പാറപ്പൊത്തിലുള്ള താമസിക്കുന്നുണ്ടെന്നും അറിയാൻ കഴിഞ്ഞു.
ഏറാട്ടുകുണ്ട് ഞങ്ങൾക്കറിയുന്ന സ്ഥലമാണ്. ഈ കനത്തമഴയിൽ ചെറിയ കുട്ടികളുമായി അവിടെ താമസിക്കുന്നതിലെ അപകടം മനസ്സിലായതോടെ എന്തുവന്നാലും അങ്ങോട്ടേക്ക് പോയി അവരെ അവിടെനിന്നു മാറ്റണമെന്ന് തീരുമാനിച്ചു. ഉടൻ അട്ടമല പള്ളിയുടെ മുകളിൽ കയറി അവിടെയുണ്ടായിരുന്ന കയർ ഊരിയെടുത്തു ഞങ്ങൾ നാലാളും ഏറാട്ടുകുണ്ടിലേക്ക് തിരിച്ചു. അവിടെ ചെന്നപ്പോഴാണ് സ്ഥലം അപകടം നിറഞ്ഞതാണെന്ന് മനസ്സിലാകുന്നത്. ചെങ്കുത്തായ ഇറക്കം. ചുറ്റും മൂടിയ കോട, മഴ പെയ്ത് വഴുക്കുനിറഞ്ഞ വലിയ പാറക്കൂട്ടം. കാലുതെറ്റി താഴേക്കുപോയാൽ ബോഡി പോലും കിട്ടാത്തത്ര വലിയ താഴ്ച. ഏഴുകിലോമീറ്റർ വരുന്ന ഈ സ്ഥലത്തേക്ക് കയർ മരത്തിൽക്കെട്ടി തൂങ്ങി ഇറങ്ങി. നിരന്ന സ്ഥലം ഇല്ലെന്നു തന്നെ പറയാം. എങ്ങനെയൊക്കെയോ 4 മണിക്കൂർ കൊണ്ട് അവിടെയെത്തി.
താഴേക്കു നോക്കുമ്പോൾ സമാധാനമായി. ചെറിയ പുക ഉയരുന്നുണ്ട് അവിടെനിന്ന്. പതുക്കെ കയറിൽനിന്നിറങ്ങി നോക്കുമ്പോൾ ശാന്തയുടെ ഭർത്താവ് കൃഷ്ണൻ പാറപ്പൊത്തിന്റെ മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നുണ്ട്. ഒന്നും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളിലൊരാൾ അടുപ്പുകല്ലിനിടയിൽ ഇരിക്കുന്നു. കുഞ്ഞുങ്ങളെല്ലാവരും നഗ്നരായിരുന്നു. എന്തോ കായ അവർ കഴിക്കുന്നുണ്ട്. അത്ര പെട്ടെന്നൊന്നും മനസ്സിടറാത്തവരായിട്ടും ഈ കാഴ്ച കണ്ടതോടെ ഞങ്ങളെല്ലാം കരഞ്ഞു. ഉടൻ ആ കുട്ടികളെ കൈയിലെടുത്ത് ചൂടു നൽകി. കൈയിലിരുന്ന ഭക്ഷണവും വെള്ളവും കൊടുത്ത് ചേർത്തുനിർത്തി. കൃഷ്ണനെ പറഞ്ഞു മനസ്സിലാക്കി കുട്ടികളെയും അദ്ദേഹത്തെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു അടുത്ത വെല്ലുവിളി.
മറ്റ് മനുഷ്യരുമായും പുറംലോകവുമായും ഇടപെഴകാൻ ഭയപ്പെടുന്നവരാണിവർ. അതുകൊണ്ടുതന്നെ തന്ത്രപൂർവം എന്തെങ്കിലും പറഞ്ഞാൽ മാത്രമേ ഊരു വിട്ടിറങ്ങാൻ തയാറാകൂ എന്നറിയാമായിരുന്നു. ശാന്തയ്ക്ക് ചെറിയ ആരോഗ്യപ്രശ്നമുണ്ടെന്നും അടിവാരത്തു നിൽക്കുന്നുവെന്നും പറഞ്ഞതോടെയാണ് ഒടുവിൽ കൃഷ്ണന് ഊരിൽനിന്ന് മാറാൻ തയാറായത്. കയ്യിലുണ്ടായിരുന്ന മറ്റൊരു ബെഡ്ഷീറ്റ് മൂന്നായി കീറി മൂന്നു കുഞ്ഞുങ്ങളെയും അനൂപും അനിലും കൃഷ്ണനും ശരീരത്തോട് ചേർത്തുകെട്ടി. ഇറങ്ങിയതിനേക്കാൾ വെല്ലുവിളി നിറഞ്ഞതായിരുന്നു തിരിച്ചുകയറുന്നത്. കയറ്റവും ഇറക്കങ്ങളും നിറഞ്ഞ വഴിയിൽ കയർ കെട്ടിയും അഴിച്ചും വീണ്ടും കെട്ടിയുമെല്ലാം കഷ്ടപ്പെടേണ്ടി വന്നു, ഒരു സ്ഥലത്ത് കയർപൊട്ടുമെന്ന സ്ഥിതി വന്നപ്പോൾ കാല് മരത്തിൽ തൂക്കിയിട്ട് ജീവൻ പണയംവച്ച് കയർകെട്ടുകയായിരുന്നു. വീണ്ടും നാലര മണിക്കൂറെടുത്താണ് തിരിച്ചുകയറാനായത്.
മുകളിലെത്തിയശേഷം കൃഷ്ണനെയും കുഞ്ഞുങ്ങളെയും വനംവകുപ്പിന്റെ ആന്റി പോച്ചിങ് ക്യാംപിൽ (എപിസി) എത്തിച്ചു. അവർക്കു കൊടുക്കാനുള്ള ഭക്ഷണം അപ്പോൾ എത്തിയിട്ടില്ലായിരുന്നു. അടുത്തുനിന്ന് കുറച്ച് ഇരുമ്പൻപുളി കിട്ടി. തൽക്കാലം വിശപ്പുമാറ്റാൻ അതു നൽകി. അപ്പോഴേക്കും രാത്രിയായിരുന്നു. എപിസിയിൽനിന്ന് രണ്ടു കിലോമീറ്ററോളം അകലെയായിരുന്നു ശാന്തയെയും മൂത്ത കുട്ടിയെയും താമസിപ്പിച്ചിരുന്നത്. രാത്രിയായതോടെ ഞങ്ങൾ വിളിച്ചാൽ അവർ വരാൻ തയാറാവില്ലെന്ന് അറിയാവുന്ന കാരണം ശിശിന എന്നൊരു വനിത ബിഎഫ്ഒയെ ശാന്തയുടെ അടുത്തേക്കയച്ചു. കൃഷ്ണനും മക്കളും എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് എപിസിയിലെത്തിച്ചു. രണ്ടു ദിവസത്തിനുശേഷം അമ്മയും കുഞ്ഞുങ്ങളും കണ്ടുമുട്ടുന്ന കാഴ്ച വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു. ചെറിയ കുഞ്ഞുങ്ങൾക്ക് അമ്മ മുലപ്പാൽ നൽകി.
അത്യാവശ്യം ഭക്ഷണവും വീട്ടുസാധനങ്ങളും നൽകി രാത്രി അവരെ അവിടെ പാർപ്പിച്ചു ഞങ്ങൾ തിരിച്ചിറങ്ങി. രാവിലെ ചെല്ലുമ്പോഴേക്കും അവർ വീണ്ടും ഊരിലേക്ക് തിരികെപ്പോകുമോയെന്ന് ഭയമുണ്ടായിരുന്നു. ജനിച്ച ശേഷം ആദ്യമായാണ് ചെറിയ മൂന്നുകുട്ടികൾ മറ്റു മനുഷ്യരെ കാണുന്നത്. പക്ഷേ ഭാഗ്യവശാൽ അതുണ്ടായില്ല. രാവിലെ ചെല്ലുമ്പോഴും എപിസിയിൽ തന്നെയുണ്ട്. രാവിലെ കുറേ ഭക്ഷണവും വസ്ത്രവും എത്തിച്ചു, കുഞ്ഞുങ്ങൾക്ക് പുത്തൻ ഷൂവും നൽകി. ആദ്യമായാണ് അവർ ഷൂസിടുന്നത്. വിശന്നുവലഞ്ഞിരുന്നപ്പോൾ ഭക്ഷണം നൽകിയതുകൊണ്ടോ മരവിപ്പിക്കുന്ന തണുപ്പിൽ ചൂടു നൽകിയതുകൊണ്ടോ ആ കുഞ്ഞുങ്ങൾ ഞങ്ങളോട് അത്രയേറെ സ്നേഹത്തിൽ ചിരിക്കുന്നുണ്ട് ഇപ്പോൾ. ഞങ്ങൾക്കുണ്ടായ പരുക്കിന്റെ വേദനയെല്ലാം ആ ചിരിയിൽ അലിഞ്ഞുപോകുന്നു’’.