വൈറ്റ് ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരന് എട്ട് വര്‍ഷം തടവ്

0

വാഷിങ്ടണ്‍: വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ച ഇന്ത്യാക്കാരനായ സായ് വര്‍ഷിത് കണ്ടുല(20) എന്ന യുവാവിനെ എട്ട് വര്‍ഷം തടവിന് ശിക്ഷിച്ചു. 2023 മെയ് 22നാണ് വാടകയ്ക്കെടുത്ത ട്രക്കുമായി വൈറ്റ്ഹൗസ് ആക്രമിക്കാന്‍ ശ്രമിച്ചത്.

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിച്ച് നാസി പ്രത്യയശാസ്‌ത്രത്തിലൂന്നിയ ഒരു ഏകാധിപത്യം സ്ഥാപിക്കുക എന്ന ഉദ്ദേശ്യവുമായാണ് ആക്രമണത്തിന് ശ്രമിച്ചത്.2024 മെയ് പതിമൂന്നിന് ഇയാളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. മനഃപൂര്‍വം പരിക്കുകളുണ്ടാക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍. ഇന്ത്യയിലെ ചന്ദാനഗറില്‍ ജനിച്ച ഇയാള്‍ അമേരിക്കയിലെ സ്ഥിരം താമസക്കാരനാണ്.2023 മെയ് 22ന് മിസൗറിയിലെ സെന്‍റ് ലൂയിസില്‍ നിന്ന് വാഷിങ്ടണ്‍ ഡിസിയിലേക്ക് മറ്റൊരു വിമാനത്താവളം വഴി ഒരു ദിശയിലേക്ക് മാത്രമുള്ള ടിക്കറ്റുമായി ഒരു വാണിജ്യ വിമാനത്തിലെത്തിയാണ് ആക്രമണം നടത്തിയതെന്ന് കോടതി രേഖകള്‍ പറയുന്നു. വൈകിട്ട് 5.20ഓടെ ഇയാള്‍ ഡാള്ളസ് വിമാനത്താവളത്തിലെത്തി. അവിടെ നിന്ന് 6.30ന് ഒരു ട്രക്ക് വാടകയ്ക്ക് എടുത്തു. പിന്നീട് ഭക്ഷണം കഴിക്കുകയും വാഹനത്തില്‍ ഇന്ധനം നിറയ്ക്കുകയും ചെയ്‌ത ശേഷം വാഷിങ്ടണ്‍ ഡിസിയിലേക്ക് പോയി. വൈറ്റ്ഹൗസിന്‍റെ സംരക്ഷണ ബാരിയറുകള്‍ തകര്‍ത്ത് ഇയാള്‍ രാത്രി 9.35ന് പ്രസിഡന്‍റ്സ് പാര്‍ക്കിലെത്തി. ഇയാള്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള പാതയിലൂടെയാണ് വാഹനമോടിച്ചത്. ഇത് കണ്ട കാല്‍നടക്കാര്‍ ചിതറിയോടി.

ബാരിക്കേഡുകള്‍ തകര്‍ത്ത ശേഷം വാഹനം പിന്നോട്ട് എടുത്തു. വീണ്ടുമൊരിക്കല്‍ കൂടി ലോഹ ബാരിക്കേഡുകളിലേക്ക് വാഹനം ഓടിച്ച് കയറ്റി. രണ്ടാമത്തെ ആക്രമണത്തിന് ശേഷം വാഹനത്തിലെ എന്‍ജിന്‍ കമ്പാര്‍ട്ട്മെന്‍റില്‍ നിന്ന് പുക ഉയരുകയും ഇന്ധന ചോര്‍ച്ച ഉണ്ടാകുകയും ചെയ്‌തു. ഇതോടെ വാഹനം ചലിക്കാതെയുമായി. ഉടന്‍ തന്നെ കണ്ടൗല തന്‍റെ ബാക്ക്പാക്കില്‍ഡ നിന്ന് ഒരു പതാകയും നാസി സ്വസ്‌തിക ചിഹ്‌നമുള്ള ചുവപ്പും വെള്ളയും കലര്‍ന്ന ബാനറും പുറത്തെടുത്തു. അമേരിക്കന്‍ പാര്‍ക്ക് പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചേര്‍ന്ന് ഇയാളെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തു.

അമേരിക്കന്‍ പ്രസിഡന്‍റിനെ വധിക്കാനാണ് താന്‍ എത്തിയതെന്ന് വിചാരണ വേളയില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളുടെ പ്രവൃത്തിമൂലം 4322 അമേരിക്കന്‍ ഡോളറിന്‍റെ നഷ്‌ടമുണ്ടായി. ആഴ്‌ചകള്‍ നീണ്ട ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ ആക്രമണം നടത്താനെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *