സെയ്ഫ് അലിഖാനെതിരെയുള്ള ആക്രമണം :മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകൾ
മുംബൈ: നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവവുമായി ബന്ധപ്പെട്ട മൊഴികളിലേയും രേഖകളിലേയും പൊരുത്തക്കേടുകൾ ചർച്ചയാകുന്നു. സംഭവം നടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുമ്പ് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും നടൻ താമസിക്കുന്ന കെട്ടിടത്തിലേക്ക് ആരും പ്രവേശിച്ചതായി കണ്ടെത്താനായിട്ടില്ല. ഇതോടെ താരത്തിന്റെ വീട്ടിനുള്ളില്‍ അക്രമി നേരത്തെ നിലയുറപ്പിച്ചിരിക്കാമെന്ന അനുമാനത്തിലാണ് പൊലീസ്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മുംബൈ ബാന്ദ്രയിലെ താമസസ്ഥലത്ത് സെയ്ഫ് അലി ഖാന് കുത്തേല്‍ക്കുന്നത്. മോഷണശ്രമത്തിനിടെ മോഷ്ടാവുമായുണ്ടായ മല്‍പിടിത്തത്തില്‍ താരത്തിന് കുത്തേറ്റുവെന്നായിരുന്നു വിശദീകരണം. എന്നാല്‍ മോഷ്ടാവ് ഫ്‌ളാറ്റിലേക്ക് എപ്പോള്‍, എങ്ങനെ പ്രവേശിച്ചുവെന്നതില്‍ വ്യക്തതയില്ലാത്തത് അന്വേഷണം സങ്കീര്‍ണമാക്കുകയാണ്. മോഷണശ്രമമായിരുന്നോ എന്നതില്‍ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.
പതിനാറാം തീയതി പുലർച്ചെ 2.30നാണ് ബാന്ദ്രയിലെ വസതിയിൽവെച്ച് ആക്രമണം നടക്കുന്നത്. എന്നാൽ നടനെ ആശുപത്രിയിൽ എത്തിച്ചത് 4.10നാണെന്നാണ് ആശുപത്രി രേഖകളിൽ വ്യക്തമാക്കുന്നത്. ബാന്ദ്രയിലെ വസതിയിൽ നിന്ന് സെയ്ഫിനെ ചികിത്സിച്ച ലീലാവതി ആശുപത്രിയിലേക്ക് 10-15 മിനിറ്റ് യാത്രാദൂരം മാത്രമാണുള്ളത്.ആറ് മുറിവുകൾ ഉണ്ടായിരുന്നുവെന്നാണ് ഡോക്ടർമാർ നേരത്തെ പറഞ്ഞത്. എന്നാൽ നടന് അഞ്ച് മുറിവുകളെന്ന് മെഡിക്കൽ രേഖകളിൽ പറയുന്നു. അതുപോലെ നടന്റെ കൂടെ ഉണ്ടായിരുന്നത് സുഹൃത്ത് അഫ്സാർ സെയ്ദി എന്നാണ് രേഖകളിലുള്ളത്. മകനാണ് ഒപ്പം ഉണ്ടായിരുന്നത് എന്നാണ് ഡോക്ടർമാർ പറഞ്ഞിരുന്നത്.
അതേസമയം നടന് കുത്തേറ്റ സംഭവത്തിൽ അറസ്റ്റിലായ ബംഗ്ലാദേശ് പൗരൻ ഷെരിഫുൽ ഫകിർ യഥാർത്ഥ പ്രതിയല്ലെന്ന വാദവുമായി പിതാവ് രംഗത്തെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞത് തന്റെ മകനല്ലെന്നും പൊലീസ് വ്യാജ തെളിവുണ്ടാക്കി കുടുക്കാൻ ശ്രമിക്കുകയാണെന്നും പിതാവ് പ്രതികരിച്ചു.
സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെയ്ഫ് അലി ഖാന്റെ റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി സെയ്ഫ് അലി ഖാന്റെ സ്റ്റാഫിലെ അഞ്ച് പേരെ മുംബൈ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ആരും സൊസൈറ്റിയിലേക്ക് വരുന്നത് കണ്ടില്ലെന്നാണ് സെക്യൂരിറ്റി ജീവനക്കാരനും പൊലീസിനോട് പറഞ്ഞത്.
താരത്തെ ആക്രമിച്ചതിന് പിന്നാലെ മുംബൈ പൊലീസിന്റെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശേഷം മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശവാസികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.