അതിഷിയെ ‘ഒഴിപ്പിച്ചതിൽ’ വിവാദം, ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിൽ വീടിനെ ചൊല്ലി അധികാരത്തർക്കം

0

ന്യൂഡൽഹി ∙  സിവിൽ ലൈൻസിലെ 6 ഫ്ലാഗ്സ്റ്റാഫ് റോഡ് ബംഗ്ലാവ് ഏറെക്കാലമായി വിവാദങ്ങൾക്കു നടുവിലാണ്. മുഖ്യമന്ത്രി അതിഷിക്കു പ്രവേശനം നിഷേധിച്ചതോടെ ഡൽഹിയിൽ കേന്ദ്ര–സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പുതിയ അധികാരത്തർക്കം ഈ വീടിനെച്ചൊല്ലിയായി.അരവിന്ദ് കേജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ 45 കോടിയിലേറെ രൂപ മുടക്കി ഈ വീട് മോടിപിടിപ്പിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. എഎപിയുടെ രാജ്യസഭ എംപി സ്വാതി മലിവാളിന് ഇവിടെവച്ചു മർദനമേറ്റതോടെയാണ് അടുത്തയിടെ വീട് വീണ്ടും വിവാദയിടമായത്. ഇപ്പോൾ മുഖ്യമന്ത്രി അതിഷിക്ക് വസതി നൽകാതിരിക്കാനാണ് ബിജെപി ശ്രമമെന്നാണ് എഎപി ആരോപിക്കുന്നത്.

സ്ഥിരം ഔദ്യോഗിക വസതിയില്ലെന്ന് വീരേന്ദ്ര സച്ച്ദേവ

ഡൽഹിയിൽ മുഖ്യമന്ത്രിക്കായി സ്ഥിരം ഔദ്യോഗിക വസതിയില്ലെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറയുന്നത്. പിഡബ്ല്യുഡിയുടെ കീഴിലുള്ള ബംഗ്ലാവ് അർഹതയുള്ള ആർക്കു വേണമെങ്കിലും അനുവദിക്കാം. വീടൊഴിഞ്ഞതിനു പിന്നാലെ പിഡബ്ല്യുഡി സെക്‌ഷൻ ഓഫിസർ വിജയ് കുമാറിനു കേജ്‌രിവാൾ താക്കോൽ കൈമാറേണ്ടതായിരുന്നു. എന്നാൽ, വീടൊഴിയുന്നെന്ന പേരിൽ ക്യാമറയ്ക്കു മുന്നിൽ നടത്തിയ നാടകത്തിനു ശേഷം ഡൽഹി സ്പെഷൽ സെക്രട്ടറി പ്രശാന്ത് രഞ്ജൻ താക്കോൽ വാങ്ങിയെടുക്കുകയായിരുന്നു– സച്ച്ദേവ പറഞ്ഞു.

സർക്കാർ വസതികൾ ആരെങ്കിലും ഒഴിഞ്ഞാലുടൻ ഉദ്യോഗസ്ഥർ വീട് പരിശോധിച്ചു റിപ്പോർട്ട് നൽകണം. വീടിന്റെ ഇപ്പോഴത്തെ സ്ഥിതിയുടെ വിഡിയോ ചിത്രീകരിക്കുകയും വേണം. നിലവിൽ അതൊന്നും പാലിച്ചിട്ടില്ല. മറ്റാരും കാണാൻ പാടില്ലാത്ത എന്താണ് കേജ്‌രിവാളും സംഘവും ഈ വീടിനുള്ളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്– അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി പറയുന്നത് നുണ: എഎപി

മുഖ്യമന്ത്രി അതിഷിക്ക് ഉദ്യോഗസ്ഥർ ഔദ്യോഗിക വസതി വിട്ടുനൽകാത്തത് ബിജെപിയുടെ സമ്മർദം കാരണമാണെന്ന് എഎപി എംപി സഞ്ജയ് സിങ് പറഞ്ഞു.കേജ്‌രിവാൾ ഒഴിഞ്ഞുകൊടുത്തിട്ടും വസതി അതിഷിയുടെ പേരിൽ അനുവദിക്കുന്നില്ല. ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ലെന്ന് മനസ്സിലാക്കിയ ബിജെപി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. എല്ലാ നടപടികളും പൂർത്തിയാക്കിയാണ് കേജ്‌രിവാൾ വസതിയൊഴിഞ്ഞത്.വീടിന്റെ താക്കോൽ അദ്ദേഹം പൊതുമരാമത്തു വകുപ്പിനു കൈമാറിയിട്ടില്ലെന്ന ബിജെപിയുടെ ആരോപണം അടിസ്ഥാനരഹിതമാണ്. എഎപിയെ തകർക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയപ്പോൾ പുതിയ തന്ത്രങ്ങളുമായി ബിജെപി രംഗത്തെത്തിയിരിക്കുകയാണ്– സഞ്ജയ് സിങ് ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *