മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളി കൊമ്പന്‍ ചരിഞ്ഞു!

0

എറണാകുളം : മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയെന്നത് കഴിഞ്ഞ ദിവസത്തെ ആശ്വാസ വാര്‍ത്തയായെങ്കിലും ശ്രമങ്ങളെല്ലാം വിഫലമാക്കിക്കൊണ്ട് ഇന്ന് കൊമ്പന്‍ ചരിയുകയായിരുന്നു.ഇന്നലെ രാത്രിയോടെയാണ് ആനയുടെ ആരോഗ്യനില വഷളായത്. മസ്തകത്തിലെ അണുബാധ തുമ്പിക്കൈയിലേക്കും വ്യാപിക്കുകയായിരുന്നു. ആനയെ ഗുരുതരമായി മുറിവേറ്റ നിലയില്‍ വനത്തിനുള്ളില്‍ കണ്ടത് ട്വന്റിഫോര്‍ ഉള്‍പ്പെടെ നിരന്തരം വാര്‍ത്തയാക്കിയിരുന്നെങ്കിലും കൊമ്പനെ മയക്കുവെടി വച്ച് പിടികൂടുന്നതില്‍ വനംവകുപ്പിന് ഏറെ കാലതാമസമുണ്ടായി. സമയം കഴിയുന്തോറും അണുബാധ ആനയുടെ തലച്ചോറിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആനയുടെ അതിജീവനം അസാധ്യമാക്കുമെന്നും വിദഗ്ധര്‍ മുന്‍പ് തന്നെ നിരീക്ഷിച്ചിരുന്നു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായക ദൗത്യത്തിലൂടെ ആനയെ മയക്കുവെടി വച്ച് കോടനാടെത്തിച്ചത്. മയക്കുവെടിയേറ്റ ആനയെ ഏഴാറ്റുമുഖം ഗണപതിയെന്ന കൊമ്പന്‍ ചേര്‍ത്തുനിര്‍ത്തിയത് ഏവരുടേയും മനസ്സലിയിച്ച ഒരു ദൃശ്യമായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *