നിലവിലുള്ള വിമാനത്താവളത്തിൽ, മണിക്കൂറിൽ 950 വിമാനങ്ങൾ !!?

0

“24-02-2025 തീയതിലെ മാതൃഭൂമി ദിനപത്രത്തിന്റെ മുംബൈ പതിപ്പിൽ പ്രസിദ്ധീകരിച്ച “ചിറകുവിരിക്കാനൊരുങ്ങി നവിമുംബൈ” എന്ന ലേഖനമാണ് ഈ കുറിപ്പിന് ആധാരം. മണ്ടത്തരങ്ങളുടെ ഒരു ഘോഷയാത്രയാണ് ഈ ലേഖനമെന്ന് പറയാതിരിക്കാനാകില്ല. പൊതുവിജ്ഞാനത്തിനായി ഇത്തരം ലേഖനങ്ങൾ വായിച്ചാൽ അത് കുട്ടികൾക്കും മുതിർന്നവർക്കും വിപത്തായിത്തീരുമെന്ന് പറയുന്നതിൽ ദുഃഖമുണ്ട്. അതിലെ ചില കാര്യങ്ങൾ മാത്രം ചൂണ്ടിക്കാണിക്കട്ടെ.

മണിക്കൂറിൽ 950 വിമാനങ്ങളാണ് മുംബൈയിലെ നിലവിലുള്ള വിമാനത്താവളത്തിൽ വന്നിറങ്ങുകയും പോവുകയും ചെയ്യുന്നതെന്നാണ് ലേഖകൻ പറയുന്നത്, അതായത് ആകെ 950+950=1900 ഇറങ്ങലും പറന്നുപോകലും. ഇനി ഒരുപക്ഷേ 950 എന്നത്, ലാൻഡിംഗുകളും ടേക്ക്ഓഫുകളും ചേർന്നതാകട്ടെ എന്ന് ചിന്തിച്ചാലോ, അതിന്റെ കണക്ക് ഇങ്ങനെയാകും. ഒരു മണിക്കൂറിൽ 3600 സെക്കൻഡ് ഉണ്ട്. അപ്പോൾ ഏതാണ്ട് ഓരോ നാല് സെക്കന്റിലും ഒരു വിമാനം വരുകയോ പോകുകയോ ചെയ്യുന്നു. ലോകത്തിലെ ഏതെങ്കിലും ഒരു റൺവേ മാത്രമുള്ള വിമാനത്താവളത്തിൽ ഇങ്ങനെ സംഭവിക്കുന്നുണ്ടോ എന്ന് അറിയില്ല. ഈ കുറിപ്പ് എഴുതുന്ന ആളിന്റെ മകൻ മുംബൈ വിമാനത്താവളത്തിൽ എയർ ട്രാഫിക് കൺട്രോളർ (ATC) ആണെന്ന കാര്യവും വിനീതമായി അറിയിക്കട്ടെ. മറ്റൊരു അവകാശവാദം നവിമുംബൈ വിമാനത്താവളം രാജ്യത്തെ ആദ്യത്തെ ഹരിതവിമാനത്താവളമെന്നാണ്. Green field airport എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ലേഖകൻ മനസ്സിലാക്കിയിട്ടില്ലെന്ന് വ്യക്തമാണ്.

ലേഖനങ്ങൾ പ്രസിദ്ധീകരിക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന വസ്തുതകൾ പരിശോധിക്കുന്ന പതിവ് ഇപ്പോൾ ഇല്ലെന്നാണ് സമീപകാലത്തെ പല വായനകളും മനസ്സിൽ തോന്നിച്ചത്.”

ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *