ബഹിരാകാശ യാത്രികർ -സുനിത വില്യംസും സംഘവും ഇന്ന് ഭൂമിയിലേക്ക് മടങ്ങുന്നു …

ഹൈദരാബാദ്: ഒമ്പത് മാസത്തിലേറെയായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് തിരികെ വരാനൊരുങ്ങുകയാണ്. നിക്ക് ഹേഗ്, അലക്‌സാണ്ടർ ഗോർബുനേവ് എന്നിവരടങ്ങുന്ന ക്രൂ-9 അംഗങ്ങൾക്കൊപ്പമായിരിക്കും 4 പേരടങ്ങുന്ന സംഘം ഭൂമിയിലേക്ക് മടങ്ങുക. ക്രൂ-9 പേടകം ബഹിരാകാശ നിലയത്തിൽ നിന്നും വേർപ്പെടുത്തുന്ന ഹാച്ച് ക്ലോഷർ പ്രക്രിയ മുതൽ സംഘം ഭൂമിയിൽ ലാൻഡ് ചെയ്യുന്നത് വരെയുള്ള ഘട്ടങ്ങളുടെ ലൈവ് സ്‌ട്രീമിങ് നടത്തുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.
ഈസ്റ്റേൺ സമയം മാർച്ച് 17ന് രാത്രി 10:45ഓടെ (മാർച്ച് 18 ഇന്ത്യൻ സമയം രാവിലെ 8:15) ആയിരിക്കും ഹാച്ച് ക്ലോഷർ പ്രക്രിയകളുടെ ലൈവ് കവറേജ് ആരംഭിക്കുക. സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്ന ദൗത്യത്തിലെ ഓരോ ഘട്ടങ്ങളും നാസ പ്ലസിൽ ലൈവ് സ്‌ട്രീമിങ് ഉണ്ടായിരിക്കും.പേടകം ഭൂമിയിൽ പതിക്കുന്നതിന്‍റെ സമയക്രമത്തിൽ കാലാവസ്ഥയ്‌ക്കനുസരിച്ച് മാറ്റങ്ങളുണ്ടായേക്കാം. ഫ്ലോറിഡയുടെ തീരത്താണ് ക്രൂ-9 പേടകം പതിക്കുക. ഇവിടുത്തെ കാലാവസ്ഥയും സ്പ്ലാഷ്‌ഡൗൺ സാഹചര്യങ്ങളും വിലയിരുത്തുന്നതിനായി ഇന്നലെ (മാർച്ച് 16) സ്‌പേസ് എക്‌സുമായി കൂടിക്കാഴ്‌ച നടത്തിയതായി നാസ അറിയിച്ചിട്ടുണ്ട്. നാസയുടെ സംഘം കാലാവസ്ഥാ സാഹചര്യങ്ങൾ നിരീക്ഷിക്കുന്നത് തുടരും.സുനിത വില്യംസും ബുച്ച് വിൽമോറും ഉൾപ്പെടെയുള്ള നാലംഗ സംഘത്തിന്‍റെ തിരിച്ചുവരവിന്‍റെ ഓരോ ഘട്ടങ്ങളും കാണാനാഗ്രഹിക്കുന്നവർക്ക് നാസയുടെ സൗജന്യ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നാസ പ്ലസ് ലൈവ് സ്ട്രീം വഴി കാണാനാകും. https://plus.nasa.gov/ എന്ന് സെർച്ച് ചെയ്‌താൽ നാസ പ്ലസ് ലൈവ് സ്ട്രീം പേജിലേക്ക് പ്രവേശിക്കാനാവും. കൂടാതെ സ്‌പേസ് ഏജൻസിയുടെ ഔദ്യോഗിക എക്‌സ്, ഫേസ്‌ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും ലൈവ് കവറേജ് ലഭ്യമാവും.
- സുനിത വില്യംസ് : യുഎസ് ചരിത്രത്തിലെ ഏറ്റവും പരിചയസമ്പന്നയായ രണ്ടാമത്തെ ബഹിരാകാശയാത്രിക എന്ന പദവി ഈ ദൗത്യത്തിലൂടെ സുനിത വില്യംസിനുണ്ടാകും . ഏകദേശം 570 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച അവർ, 675 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച പെഗ്ഗി വിറ്റ്‌സണിന് പിന്നിൽ .
- ബുച്ച് വിൽമോർ : ഐഎസ്‌എസിൽ വിൽമോർ ദീർഘനേരം താമസിച്ചത് സ്റ്റേഷനെക്കുറിച്ചുള്ള ഗവേഷണത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളുടെ ഭാഗമായിരുന്നു.
- നിക്ക് ഹേഗ് : നാസയിലെ ഒരു ബഹിരാകാശയാത്രികനായ ഹേഗ്, ക്രൂ-9 ന്റെ ഭാഗമായിരുന്നു, വിവിധ ഗവേഷണ പദ്ധതികളിൽ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
- അലക്സാണ്ടർ ഗോർബുനോവ് : നാസ ബഹിരാകാശയാത്രികർക്കൊപ്പം റഷ്യൻ ബഹിരാകാശയാത്രികനും തിരിച്ചെത്തും.