ജ്യോതിഷത്തിന്റെ മറവിൽ പ്രഭാതിന്റെ ക്രൂരത; ‘പീഡനം പുറത്ത് പറഞ്ഞാൽ കുട്ടിച്ചാത്തൻ ഉപദ്രവിക്കും’

0

 

കൊച്ചി∙ ചാത്തൻസേവയുടേയും ജ്യോതിഷത്തിന്റെയും മറവിൽ ഇരകളെ കണ്ടെത്താന്‍ പ്രഭാത് ഭാസ്കരൻ വലവിരിച്ചത് സാമൂഹികമാധ്യമങ്ങൾ വഴി. ചാത്തൻസേവയടക്കമുള്ള പൂജകളിലൂടെ തനിക്ക് അദ്ഭുത പ്രവർത്തികൾ ചെയ്യാൻ സാധിക്കുമെന്ന് ഇയാൾ വലിയ പ്രചാരണം നടത്തിയിരുന്നു. ഇതു വിശ്വസിച്ച് എത്തിയവരാണ് ഇയാളുടെ വലയിൽ കുടുങ്ങിയത്. ചാത്തൻസേവയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ തൃശൂർ ആവണിശേരി സ്വദേശിയായ പുറത്താല പ്രഭാത് ഭാസ്കരൻ ഇന്നലെയാണ് അറസ്റ്റിലായത്.

ജ്യോതിഷത്തിൽ മിടുക്കനാണ് പ്രഭാത് എന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. പ്രഭാതിന്റെ ബന്ധുക്കളും ജ്യോതിഷം മേഖലയിൽ അറിയപ്പെടുന്നവരാണ്. തന്റെ പ്രത്യേക പൂജകൾ വഴി പ്രശ്നപരിഹാരങ്ങളുണ്ടാകുമെന്ന് ഇൻസ്റ്റഗ്രാം അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ വഴി പ്രഭാത് പ്രചാരണം നൽകിയിരുന്നു. അങ്ങനെയാണ് തൃശൂർ സ്വദേശിനിയും പ്രഭാതിനെക്കുറിച്ച് അറിയുന്നത്. തുടർന്ന്, ഭർത്താവുമായുള്ള തർക്കത്തിനു പരിഹാരം കാണാനും കടബാധ്യത മാറ്റാനുമുള്ള വഴി തേടി ഈ വർഷമാദ്യം ഇവർ പ്രഭാതിനെ കണ്ടു. പ്രശ്നങ്ങളൊക്കെ കേട്ടതിനുശേഷം പൂജകൾ നടത്താമെന്ന് ഇയാൾ വ്യക്തമാക്കി. പിന്നാലെ വീട്ടമ്മ പണം നൽകുകയും പൂജയ്ക്കുള്ള തീയതി തീരുമാനിക്കുകയും ചെയ്തു. മേയ് മാസമൊടുവിൽ വീട്ടമ്മ കൂടി പങ്കെടുത്ത പൂജ നടക്കുകയും ചെയ്തു. എന്നാൽ കാര്യമായ മാറ്റമൊന്നും പൂജ കൊണ്ട് ഉണ്ടായില്ലെന്നു വീട്ടമ്മ അറിയിച്ചതിനെ തുടർന്ന് ചാത്തൻസേവ പോലുള്ള പൂജകള്‍ നടത്താമെന്ന് ഇയാൾ അറിയിക്കുകയായിരുന്നു.

ഇതിനായി കൊച്ചി ചക്കരപ്പറമ്പിലുള്ള കേന്ദ്രത്തിലേക്ക് പ്രഭാത് വീട്ടമ്മയെ ക്ഷണിച്ചു. ഇത്തരം പൂജകൾ നടത്തുമ്പോൾ മറ്റാരും ഉണ്ടാവാൻ പാടില്ലെന്നും ഇയാൾ നിർദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ചാത്തൻസേവയുടെ മറവിൽ പ്രഭാത് വീട്ടമ്മയെ ലൈംഗികതാൽപര്യത്തോടെ സമീപിക്കുകയും അതിക്രമം നടത്തിയെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ചു പുറത്തു പറഞ്ഞാൽ കുട്ടിച്ചാത്തൻ ഉപദ്രവിക്കുമെന്നു പ്രഭാത് പറഞ്ഞെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു. എന്നാൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് വീട്ടമ്മ പരാതി നൽകുകയായിരുന്നു.

സമാനവിധത്തിൽ മറ്റൊരു വീട്ടമ്മയെ പീഡിപ്പിച്ച തിരുവനന്തപുരം മലയൻകീഴ് സ്വദേശിയായ ജോത്സ്യൻ അനീഷ് ജ്യോതിഷിനെയും പാലാരിവട്ടം പൊലീസ് അന്വേഷിച്ചു വരികയാണ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു പാലാരിവട്ടം പൊലീസ് അനീഷ് ജ്യോതിഷിനെതിരെ അന്വേഷണം നടത്തുന്നത്. ഏറെക്കാലമായി ഭർത്താവ് അപസ്‍മാരം മൂലം ബുദ്ധിമുട്ടുന്നതിനാൽ ഇതിനു പരിഹാരം തേടിയിരുന്ന വീട്ടമ്മ ബന്ധുക്കൾ വഴിയാണ് അനീഷിനെക്കുറിച്ച് അറിയുന്നത്. സങ്കീർണമായ രോഗങ്ങൾ പൂജയിലൂടെയും മറ്റും മാറ്റുന്ന ആളെന്ന നിലയിലായിരുന്നു ഇത്. ഇതനുസരിച്ച് പൂജയുടെ മറവിൽ വീട്ടമ്മയെ പല സ്ഥലങ്ങളിൽ‍ വച്ച് 2021–2022 സമയങ്ങളിൽ പീഡിപ്പിക്കുകയും ഇവർ ഗർഭിണിയാവുകയും ചെയ്തു. തുടർന്ന് വീട്ടിൽനിന്നു മാറി നിന്ന ഇവർ പ്രസവിച്ചെങ്കിലും പിന്നീട് പൂജാരി ഇവരെ ഒഴിവാക്കി തുടങ്ങി. ഇതോടെയാണ് വീട്ടമ്മ പൊലീസിൽ പരാതി നൽകിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *