മദ്യ ലഹരിയില്‍ ബസിനുള്ളിൽ ആക്രമണം; യുവതി അറസ്റ്റിൽ

കോട്ടയം : മദ്യ ലഹരിയില്‍ ബസിനുള്ളിലെ യാത്രക്കാരെ ആക്രമിച്ച് യുവതി. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ മര്‍ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
ചങ്ങനാശേരിയില്‍ നിന്നും പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനുള്ളിലാണ് ബിന്ദു വേലു അക്രമം അഴിച്ചു വിട്ടത്. ബസിനുള്ളില്‍ വച്ച് സ്‌ത്രീകളെ അസഭ്യം പറയുകയായിരുന്നു. പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളിയും ഉണ്ടായി. ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് ബിന്ദുവിനെ ബലമായി ബസിൽ നിന്ന് ഇറക്കി വിട്ടു.ഏറെ പണിപ്പെട്ടാണ് ആക്രമണത്തിനിരയായ യാത്രക്കാരിയെ നാട്ടുകാര്‍ രക്ഷിച്ചത്. യാത്രക്കാർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് സ്‌റ്റേഷനില്‍ നിന്നും എസ്‌ഐ ജോബിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. ബിന്ദുവിനെ പുളിക്ക കവലയില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൈക്ക് മുറിവുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ കൊണ്ടു പോയി പ്രാഥമിക ചികിത്സ നല്‍കുകയും മെഡിക്കല്‍ പരിശോധന നടത്തുകയും ചെയ്‌തു.
വൈദ്യ പരിശോധനയില്‍ മദ്യപിച്ചതായി കണ്ടതോടെ ബിന്ദുവിനെതിരെ സ്വമേധയാ പൊലീസ് കേസെടുത്തു. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മര്‍ദനമേറ്റവര്‍ പരാതിയുമായി വന്നാല്‍ ബിന്ദുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പള്ളിക്കത്തോട് പൊലീസ് അറിയിച്ചു.