ലക്ഷ്യം ഉപഭോഗം കൂട്ടി വരുമാനം വർധിപ്പിക്കൽ;മദ്യവില വെട്ടിക്കുറച്ച് ആസ്സാം സർക്കാർ
ഗുവാഹാട്ടി: സെപ്തംബര്‍ ഒന്നുമുതല്‍ മദ്യത്തിന്റെ വില കുറയ്ക്കുമെന്ന് അസം എക്സൈസ് വകുപ്പ്. ഓഗസ്റ്റ് 17-ന് പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍, ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, ബിയര്‍, വൈന്‍, ബ്രാണ്ടി, റം, റെഡിടു ഡ്രിങ്ക് ഓപ്ഷനുകള്‍ എന്നിവയുള്‍പ്പെടെ ലഹരിപാനീയങ്ങളുടെ വിലയിലാണ് കുറവുണ്ടാവുക.
മദ്യത്തിന് സര്‍ക്കാര്‍ ചുമത്തുന്ന നികുതിയിലെ പുനഃക്രമീകരണത്തിലൂടെയാണ് സംസ്ഥാനത്ത് വിലകുറയുന്നത്. 360 മുതല്‍ 500 രൂപ വരെ വിലയുള്ള ആഡംബര ബ്രാന്‍ഡുകള്‍ക്ക് 750 മില്ലി ബോട്ടിലിന് 166 രൂപയും 500 മുതല്‍ 700 രൂപ വരെ വിലയുള്ളവ 750 മില്ലി ബോട്ടിലിന് 214 രൂപ വരെയും വിലകുറയുമെന്നാണ് പ്രഖ്യാപനം.
ഈ വര്‍ഷം മാര്‍ച്ചില്‍ വരുമാനം കൂട്ടാനായി സംസ്ഥാന സര്‍ക്കാര്‍ മദ്യവില വര്‍ധിപ്പിച്ചിരുന്നു. ഉത്സവകാലത്ത് മദ്യവില്‍പനയുടെ തോത് കൂട്ടി വരുമാനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സര്‍ക്കാരിന്റെ പുതിയ നീക്കമെന്നാണ് വിലയിരുത്തല്‍.