അമ്പലത്തിന്‍കാല അശോകൻ വധം : 8 RSS പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
തിരുവനന്തപുരം :സിപിഎം പ്രവര്‍ത്തകനായ അമ്പലത്തിന്‍കാല അശോകനെ കൊലപ്പെടുത്തിയ എട്ട് ആര്‍എസ്എസ് പ്രവര്‍ത്തകർക്ക് തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ്ശിക്ഷ വിധിച്ചു.
5 പേർക്ക് ഇരട്ട ജീവപര്യന്തവും 3 പേർക്ക് ജീവപര്യന്തവുമാണ് ശിക്ഷ.
പതിനൊന്നു വര്‍ഷത്തോളമുള്ള നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി വരുന്നത്. 2013 മെയ് 5 ന് വൈകീട്ട് ആറരയോടെയാണ് ഇരുപതോളം വരുന്ന സംഘം അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കവലയിലെത്തിച്ച് പൊതുജനം കാൺകെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.
38 വെട്ടുകളാണ് അശോകന്റെ ദേഹത്തുണ്ടായിരുന്നത്. ഒന്നാം പ്രതി ശംഭു കൊള്ള പലിശക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
പലിശയ്ക്ക് പണം വാങ്ങിയ ഒരാളെ ശംഭു വഴിയില്‍ തടഞ്ഞു നിര്‍ത്തി വാഹനം പിടിച്ചെടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇതറിഞ്ഞ പൊതുപ്രവര്‍ത്തകനായ അശോകന്‍ പ്രശ്‌നത്തില്‍ ഇടപെടുകയും, ശംഭുവിന്റെ നടപടി ചോദ്യം ചെയ്യുകയും ചെയ്തതാണ് വൈരാഗ്യത്തിന് കാരണം.
കേസിലെ പ്രതികളായ ശംഭു, ശ്രീജിത്ത് ഉണ്ണി, ചന്തു, ഹരി, അമ്പിളി ചന്ദ്രമോഹന്‍, പഴിഞ്ഞി പ്രശാന്ത്, അണ്ണി സന്തോഷ്, സജീവന്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.