വൈക്കത്തഷ്ടമി ഇന്ന്: ദേവ സംഗമത്തിന് ഒരുങ്ങി വൈക്കം മഹാദേവക്ഷേത്രം
കണ്ണിന് കുളിർമയേകുന്ന ദേവ സംഗമത്തിന് ഒരുങ്ങി വൈക്കം മഹാദേവക്ഷേത്രം. ഇന്നാണ് ചരിത്രപ്രസിദ്ധമായ വൈക്കത്തഷ്ടമി. വൃശ്ചിക മാസത്തിലെ കറുത്ത പക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് വൈക്കത്തഷ്ടമി നടക്കുന്നത്. ശ്രീ പരമേശ്വരൻ പാർവതി സമേതനായി വാഘ്രപാദ മഹർഷിക്ക് ദിവ്യദർശനം നൽകിയ ദിനമാണ് അഷ്ടമി എന്നാണ് വിശ്വാസം. ഇതിന് വൈക്കത്തപ്പൻ കൊടിമരച്ചുവട്ടിൽ ഉപവാസത്തിൽ ആണെന്നും വിശ്വസിക്കപ്പെടുന്നു.
നിരവധി ഭക്തരാണ് അസുരനിഗ്രഹത്തിന് പോയ പുത്രൻ ഉദയനാപുരത്തപ്പനെ ഉപവാസം അനുഷ്ഠിച്ച ദുഃഖത്തോടെ കാത്തിരിക്കുന്നതിന് സാക്ഷ്യം വഹിക്കുക. ചെണ്ടമേളത്തിന്റെയും നാഗസ്വരത്തിന്റെയും അകമ്പടിയില്ലാതെ രണ്ട് ആനകളുടെ അകമ്പടിയോടെ രാത്രി 10 മണിയോടെ കിഴക്കേ ആനക്കൊട്ടിലിലേക്ക് വൈക്കത്തപ്പൻ എഴുന്നള്ളും.ഇതിന് ശേഷം അല്പം കഴിഞ്ഞ് ഉദയനാപുരത്തപ്പൻ നാലമ്പലത്തിലേക്ക് വടക്കേ നടവഴി എഴുന്നള്ളും. ഭക്തരുടെ ആരവങ്ങളോടെയാണ് അസുര നിഗ്രഹത്തിനു ശേഷമുള്ള ഉദയനാപുരത്തപ്പന്റെ എഴുന്നള്ളത്ത്. കൂട്ടുമ്മേൽ ഭഗവതിയും എഴുന്നള്ളത്തിന് ശ്രീനാരായണപുരത്തപ്പന് അകമ്പടി സേവിക്കും. സമീപ ക്ഷേത്രങ്ങളിലെ ദേവി ദേവന്മാരും എഴുന്നള്ളുകയും എല്ലാവരും ഒന്നിച്ച് വൈക്കത്തപ്പന് മുന്നിലേക്ക് എഴുന്നള്ളുകയും ചെയ്യും.
ദേശ ദേവതകളുടെ സംഗമത്തിന് ശേഷം വലിയ കാണിക്ക അർപ്പിക്കലും നടക്കും. ദിവസം എഴുന്നള്ളത്തുകൾ ഓരോന്നായി കൊടിമര ചുവട്ടിൽ എത്തുകയും ഓരോരുത്തരായി വൈക്കത്തപ്പനോട് വിടചൊല്ലി പിരിയുകയും ചെയ്യും. ആദ്യം മൂത്തേടത്ത് ഭഗവതിയും ഏറ്റവും ഒടുവിൽ ഉദയനാപുരത്തപ്പനും വൈക്കത്തപ്പനോട് ഉപചാരം ചൊല്ലി പിരിയും. ഇന്ന് രാത്രി 11 മണിക്ക് ഉദയനാപുരത്തപ്പൻ എഴുന്നള്ളുകയും നാളെ പുലർച്ചെ രണ്ടു മണിക്ക് അഷ്ടമി വിളക്ക് നടക്കുകയും ചെയ്യും. ശേഷം പുലർച്ചെ 3 മണിക്ക് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പും നടക്കും