ആശ വര്‍ക്കേഴ്‌സിന് ഓണറേറിയം അക്കൗണ്ടുകളില്‍ ലഭിച്ചു തുടങ്ങി.

തിരുവനന്തപുരം : ആശ വര്‍ക്കേഴ്‌സിന് ഫെബ്രുവരി മാസത്തില്‍ സര്‍ക്കാര്‍ അനുവദിച്ച ഓണറേറിയം അക്കൗണ്ടുകളില്‍ ലഭിച്ചു തുടങ്ങി. പത്തനംതിട്ട ജില്ലയിലെ ആശ വര്‍ക്കേഴ്‌സിനാണ് ആദ്യം ഓണറേറിയം ലഭിച്ചു തുടങ്ങിയത്. മറ്റു ജില്ലകളിലും ഉടന്‍ തുക ലഭ്യമാകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഫെബ്രുവരി മാസത്തെ ഓണറേറിയം ആണ് നല്‍കിയത്. 7000 രൂപയാണ് ലഭിച്ചത്. പെന്‍ഡിങ് ഇല്ലാതെ ഓണറേറിയം ലഭിക്കുന്നത് ആദ്യമായി എന്ന് ആശാവര്‍ക്കര്‍മാര്‍ പറഞ്ഞു.
അതേസമയം, ആശാവര്‍ക്കേഴ്‌സിന്റെ സമരത്തിനെതിരായ സിപിഐഎം നേതാവ് ഇ പി ജയരാജന്റെ പരാമര്‍ശം വിവാദമായി. ദുഷ്ടബുദ്ധികളുടെ തലയില്‍ ഉദിച്ച സമരമെന്നാണ് ഇ പി ജയരാജന്റെ ആക്ഷേപിച്ചത്. ഇപി ജയരാജന്റെ പരാമര്‍ശത്തിനെതിരെ ആശാവര്‍ക്കേഴ്‌സ് രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തി.
അതിനിടെ, സെക്രട്ടറിയറ്റ് ഉപരോധം പൊളിക്കാന്‍ പരിശീലനവുമായി സര്‍ക്കാര്‍ രംഗത്ത് എത്തി. എല്ലാ ആശാ വര്‍ക്കര്‍മാരെയും പങ്കെടുപ്പിച്ച് പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാനിന് പരിശീലനം നല്‍കണമെന്നാണ് നിര്‍ദേശം.