സെക്രട്ടേറിയറ്റിന് മുന്നില്‍ മുടി മുറിച്ച് ആശമാരുടെ പ്രതിഷേധം: സമരം അമ്പതാം ദിവസത്തിലേക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അമ്പതാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ പ്രക്ഷോഭം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍. സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുന്‍ നിശ്ചയിച്ച പ്രകാരം ആശ വര്‍ക്കര്‍മാര്‍ തലമുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധിച്ചു. നിരാഹാര സമരത്തില്‍ പങ്കെടുക്കുന്നവര്‍ അടക്കമാണ് പ്രതിഷേധത്തില്‍ പങ്കാളിയായത്.സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർഗം ആശമാർ കടുപ്പിച്ചത്.
‘സ്ത്രീയെ സംബന്ധിച്ച് മുടി മുറിക്കുക എന്നാല്‍ കഴുത്ത് മുറിക്കുന്നതിന് തുല്യമാണ്.ആ പ്രതിഷേധം തന്നെയാണ് നടത്തിയിരിക്കുന്നത്. അമ്പത് ദിനരാത്രങ്ങള്‍, രാവും പകലും, മഴയും മഞ്ഞും, പൊരിവെയിലും കൊണ്ടിട്ടും ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ലോകത്തിന്റെ മനഃസാക്ഷിക്ക് മുന്നിലേക്ക് ഞങ്ങളുടെ സമരം വെയ്ക്കുകയാണ്. ഈ സര്‍ക്കാര്‍ കണ്ണുതുറന്നില്ലെങ്കിലും ലോക മനഃസാക്ഷി ഞങ്ങളുടെ മുന്നില്‍ കണ്ണുതുറക്കുമെന്ന് വിശ്വസിക്കുന്നു. അമ്മമ്മാരുടെ കണ്ണുനീരാണ് അത്രയും. ഈ മുടി മുറിക്കലിലൂടെ ഇടതുപക്ഷ ജനാധിപത്യത്തിന്റെ കുലം തന്നെ മുടിഞ്ഞുപോകും.’- ആശ വര്‍ക്കർമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ. ഭൂരിപക്ഷം വരുന്ന ആശമാരും ഭരണാനുകൂല സംഘടനയിൽപ്പെട്ടവർ. ഇടതുപക്ഷം ഒഴികെയുള്ള രാഷ്ട്രീയ നേതാക്കൾ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചു. സമരം പൊളിക്കാൻ മറുസമരവുമായി സിഐടിയു രംഗത്തെത്തിയെങ്കിലും വിജയിച്ചില്ല.ആശമാർ കേന്ദ്രസ്കീമിലെ ജീവനക്കാർ ആണെന്നും ഓണറേറിയം കൂട്ടേണ്ടത് കേന്ദ്ര സർക്കാർ ആണെന്നും സംസ്ഥാന സർക്കാർ വാദിച്ചു. കേന്ദ്രവും സംസ്ഥാനവും പരസ്പരം വിരൽചൂണ്ടുമ്പോഴും സമരം ചെയ്തവരുടെ ആവശ്യം മാത്രം ആരും ഗൗനിച്ചില്ല. സെക്രട്ടേറിയേറ്റ് ഉപരോധം, നിരാഹാര സമരം അങ്ങനെ മുറകൾ ആശമാർ മാറ്റി മാറ്റി പരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് മുടി മുറിച്ചും പ്രതിഷേധിക്കാൻ ആശമാർ തീരുമാനിച്ചത്.സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചാണ് സമരത്തിന്റെ 50-ാം ദിവസമായ ഇന്ന് മുടി മുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധിച്ചത്. നൂറോളം ആശ വര്‍ക്കര്‍മാരാണ് മുടി മുറിക്കല്‍ സമരത്തില്‍ പങ്കാളിയായത്.
രാവിലെ 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള ആശാ പ്രവര്‍ത്തകര്‍ സമര വേദിയില്‍ ഒത്തുകൂടിയാണ് പ്രതിഷേധം അറിയിച്ചത്.
“പട്ടിണി കിടന്നു പ്രതിഷേധിച്ചിട്ടും തിരിഞ്ഞു നോക്കാന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് കടുത്ത പ്രതിഷേധ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത് “ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു.