നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും

മലപ്പുറം: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി ഹൈക്കമാൻഡിന് ഉടൻ പട്ടിക കൈമാറും. ഡിസിസി പ്രസിഡന്റ് വി എസ് ജോയിയെ പരിഗണിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടിയിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഒരാഴ്ച്ചയ്ക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നാണ് എൽഡിഎഫ് അറിയിച്ചിട്ടുള്ളത്. എന്നാൽ നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയുണ്ടാകില്ലെന്നാണ് ലഭിക്കുന്ന സൂചന. സ്ഥാനാർത്ഥിയെ നിർത്തേണ്ടതില്ലെന്ന് ബിജെപി കോർ കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം ഉയർന്നു. നിലമ്പൂരിൽ പണവും അധ്വാനവും കളയേണ്ടതില്ലെന്നാണ് നേതാക്കളുടെ അഭിപ്രായം. മറ്റ് സ്ഥാനാർത്ഥികളെ നോക്കി ആവശ്യമാണെങ്കിൽ മാത്രം പുനരാലോചന നടത്താനാണ് തീരുമാനം. ക്രിസ്ത്യൻ സമൂഹത്തെ തഴയുകയാണെങ്കിൽ പുനരാലോചിക്കാനും സാധ്യതയേറെയാണ്.
ഇപ്പോഴത്തെ ഫോക്കസ് പഞ്ചായത്ത് തിരഞ്ഞെടുപ്പാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് പറഞ്ഞിരുന്നു. വരാൻ പോകുന്ന എംഎൽഎയ്ക്ക് ആറ് മാസം മാത്രമല്ലേ കാലാവധിയുള്ളുവെന്നും സ്ഥാനാർത്ഥിയെ നിർത്തുമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 26ന് ഉണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്