മേയർ ആര്യക്കെതിരേ നിയമ നടപടിക്കൊരുങ്ങി ഡ്രൈവർ യദു
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ ഉപയോഗിച്ച് കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നാരോപിച്ച് ഡ്രൈവർ എൽ.എച്ച്. യദു നിയമനടപടിക്കൊരുങ്ങുന്നു.
തങ്ങൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന മേയറുടെ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് ഡ്രൈവർ യദുവിനെതിരേ കേസെടുത്തെങ്കിലും ബസ് തടഞ്ഞത് ചൂണ്ടിക്കാട്ടി മേയര്‍ക്കും ഭർത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരേ ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നില്ല. ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി യാത്രക്കാരെ വഴിയിൽ ഇറക്കിവിട്ടെന്നാണ് യദുവിന്‍റെ പരാതി. എന്നാൽ ഡ്രൈവര്‍ മോശമായി പെരുമാറിയതുകൊണ്ടാണ് ബസ് തടഞ്ഞതെന്നാണ് പൊലീസ് വാദം.
മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നാണ് പൊലീസ് പറയുന്നത്. മേയറുടെ പരാതിയിൽ വിശദമായ അന്വേഷണം നടക്കുമ്പോൾ യദുവിന്‍റെ പരാതിയും പരിഗണിക്കാമെന്നാണ് പൊലീസ് നിലപാട്. ഇതോടെ, ഡ്യൂട്ടി തടസപ്പെടുത്തിയതിനും മേയർക്കും എംഎൽഎയ്ക്കും എതിരെ കേസെടുക്കാത്തതിനെതിരേയും തനിക്കുണ്ടായ മാനനഷ്ടത്തിനും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യാനാണ് യദുവിന്‍റെ തീരുമാനം.
തിരുവനന്തപുരം നഗരത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ കെഎസ്ആര്‍ടിസി ഡ്യൂട്ടിയില്‍ നിന്ന് വിലക്കിയിരുന്നു. പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും തുടര്‍ നടപടി. സംഭവമുണ്ടായ ബസിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള നീക്കം പൊലിസ് തുടങ്ങി. ഇതിന് അനുമതി തേടി കന്‍റോണ്‍മെന്‍റ് പൊലിസ് കെഎസ്ആർടിസി തമ്പാനൂര്‍ യൂണിറ്റ് ഓഫിസര്‍ക്ക് കത്ത് നല്‍കി.