അരുണാചലിലെ മലയാളികളുടെ മരണം; ആസൂത്രണം ചെയ്തത് നവീനെന്ന് പോലീസ്
അരുണാചലിൽ മലയാളികളുടെ അസ്വാഭാവിക മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. അരുണാചലിലേക്ക് പോകാനുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനെന്ന് പോലീസ് നിഗമനം. നവീനാണ് ദേവിയെയും ആര്യയെയും അരുണാചലിലേ്ക്ക് പോകാൻ സ്വാധീനിച്ചത്. മരണശേഷം മറ്റൊരു ഗ്രഹത്തിൽ സുഖമായി ജീവിക്കാമെന്ന് ഇരുവരെയും നവീൻ വിശ്വസിപ്പിച്ചു. മരണം എപ്രകാരം വേണമെന്ന് മുൻകൂട്ടി നിശ്ചയിച്ചിരുന്നു.
ദേവിയും നവീനും യാത്ര ചെയ്യുന്നതിന് ഒരാഴ്ച മുൻപാണ് തിരുവനന്തപുരത്ത് വരുന്നത്. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്താണ് ഇവർ കഴിഞ്ഞത്. എന്നാൽ പിന്നീട് മുറിയിൽ നിന്നും ഇവർ പുറത്തിറങ്ങിയില്ല. മുറിക്കുള്ളിൽ ഇരുന്ന് ഇവർ അന്യഗ്രഹ വിശ്വാസങ്ങളെക്കുറിച്ച് ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നു. ആര്യയുടെയും ദേവിയുടെയും കൈത്തണ്ട മുറിച്ച് അവരെ കൊലപ്പെടുത്തിയ ശേഷം നവീൻ ആത്മഹത്യ ചെയ്തതാണെന്നാണ് അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തൽ. കേരള പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കേസന്വേഷണത്തിന് 5 പേരടങ്ങുന്ന പ്രത്യേക സംഘത്തെ ഏർപ്പെടുത്തി.
അതേസമയം മൂന്ന് പേരുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. ഇറ്റാനഗറിലെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിൽ കൊണ്ടുവന്നു. കോട്ടയം സ്വദേശി നവീൻ, ഭാര്യ തിരുവനന്തപുരം സ്വദേശി ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.