ആർട്ടിസ്റ്റ് പ്രകാശന് കെ എസ്സിന്റെ ചിത്രങ്ങളുടെ സ്ലൈഡ് പ്രേസേന്റ്റേഷനുംസംവാദവും
കണ്ണൂർ: കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഏകാമി ആർട്ട് ഗാലറിയിൽ നടക്കുന്ന ‘സെന്‍സ് ഓഫ് വേര് തിംഗ്സ് ബിലോംഗ് – യുദ്ധാനന്തര ഭൂവിതാനങ്ങള്‍’ എന്ന ഗ്രൂപ്പ് എക്സിബിഷന്റെ ഭാഗമായി ആർട്ടിസ്റ്റ് പ്രകാശന് കെ എസ്സിന്റെ ചിത്രങ്ങളുടെ സ്ലൈഡ് പ്രേസേന്റ്റേഷനും കലാകാരനുമായി പി സുധാകരൻ നടത്തുന്ന സംവാദവും നാളെ വൈകുന്നേരം നാലുമണിക്ക് (ശനി) നടക്കും.പ്രദർശനതിന്റെ ഭാഗമായി ക്യൂറേറ്റർ മുരളി ചീരോത്തുമായി പി സുധാകരൻ നടത്തുന്ന സംവാദം നവംബർ 9 നു (ശനി) ഉണ്ടായിരിക്കും.
കേരളത്തിന്റെ സാംസ്കാരിക, കാര്‍ഷിക, ഭൂമിശാസ്ത്രപരമായ സ്വാധീനങ്ങളുമായി ആഴത്തില്‍ ഇഴചേര്‍ന്നു കിടക്കുന്നതാണ് എറണാകുളം സ്വദേശിയായ പ്രകാശന്റെ കലാലോകം. വരകളും വര്‍ണ്ണങ്ങളും അതിവിദഗ്ദ്ധമായി ഉപയോഗിച്ച് പ്രാദേശിക പുരാവൃത്തങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ബിംബങ്ങളുടെ സംയോജനമാണ് അദ്ദേഹത്തിന്റെ കലാസൃഷ്ടികളെ വ്യത്യസ്തമാക്കുന്നത്. മൂര്‍ത്തവും അമൂര്‍ത്തവുമായ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ കാലം, ഇടം, വസ്തുക്കള്‍ എന്നിവയുടെ സങ്കീര്‍ണ്ണതകള്‍ ആരായുന്നതോടൊപ്പം പ്രാദേശികമായ അവബോധത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. കലയോടുള്ള പ്രകാശന്റെ സമീപനം രൂപപ്പെടുന്നത് പരിസ്ഥിതിയുമായുള്ള അദ്ദേഹത്തിന്റെ അഗാധമായ ബന്ധത്തിലൂടെയാണ് എന്ന് മാത്രമല്ല, അവിടെ അദ്ദേഹം തുടര്‍ച്ചയായി പാരമ്പര്യത്തെ സമകാലിക ആവിഷ്കാരവുമായി സമന്വയിപ്പിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
തൃപ്പൂണിത്തുറ ആര്.എല്‍.വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് 2013-ല്‍ പെയിന്റിംഗില്‍ ഒന്നാം റാങ്കോടെ എംഎഫ്എ നേടിയ അദ്ദേഹം, 1996-ല്‍ ഫൈന്‍ ആര്‍ട്സില്‍ (പെയിന്റിംഗ്) കെ.ജി.സി.ഇ നേടിയ ശേഷം ആര്.എല്‍.വിയില്‍ നിന്ന് തന്നെ ഫൈന്‍ ആര്‍ട്സില്‍ നാഷണല്‍ ഡിപ്ലോമയും (2000, ശില്പം) രണ്ടാം റാങ്കോടെ ചിത്രകലയില്‍ ബിഎഫ്എയും (2006) കരസ്ഥമാക്കിയിരുന്നു. 2023-ല്‍ ചിത്രകലയില്‍ കേരള ലളിതകലാ അക്കാദമി പുരസ്കാരം നേടിയ പ്രകാശന് കേരളത്തിലുടനീളം നിരവധി സോളോ, ഗ്രൂപ്പ് എക്സിബിഷനുകളില്‍ തന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
നമ്മുടെ കാലത്തെ നിര്‍വ്വചിക്കുന്ന സങ്കീര്‍ണ്ണമായ പാരിസ്ഥിതിക, ദാര്‍ശനിക ഉത്കണ്ഠകള്‍ അന്വേഷിക്കുന്ന ഒന്നാണ് പ്രകാശൻ അടക്കം ആറ് കലാകാരർ പങ്കെടുക്കുന്ന ‘സെന്‍സ് ഓഫ് വേര് തിംഗ്സ് ബിലോംഗ്’ എന്ന ഈ പ്രദർശനം എന്ന് ക്യൂറേറ്റർ മുരളി ചീരോത്ത് പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആറ് കലാകാരരെ ഒന്നിച്ചുകൊണ്ടുവരുന്ന ഈ പ്രദര്‍ശനം, യുദ്ധം എന്ന ആശയത്തെ അതിന്റെ ഭൗതികമായ സംഘര്‍ഷത്തിനപ്പുറം പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത് – അത് ആന്തരികമായ യുദ്ധവുമാകാം… മനോഭൂമികയിലെ സംഘര്‍ഷങ്ങള്‍. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മനുഷ്യന്റെ ചെയ്തികളുടെ അനന്തരഫലങ്ങള്‍ തുടങ്ങിയ സമകാലിക വെല്ലുവിളികള്‍ ഇവരുടെ കലയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്റെ ഒരു അന്വേഷണം കൂടിയാണിത്.