ലേഖനം കേന്ദ്രത്തിൻ്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കി എഴുതിയത് :ശശിതരൂർ

തിരുവനന്തപുരം : ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ തന്റെ നിലപാടുകൾ തിരുത്താൻ തയ്യാറാണെന്നും ശശി തരൂർ വ്യക്തമാക്കി. താൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെ നിന്ന് ലഭിച്ച് എന്നകാര്യം ലേഖനത്തിൽ തന്നെ പറയുന്നുണ്ട്. ഗ്ലോബൽ സ്റ്റാർട്ട് – അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇത് രണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസിൽ നിന്ന് വേറെ വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയ്യാറാണ്. കേരളത്തിന് വേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ല- മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ പ്രതിരോധത്തിലാക്കും വിധം ലേഖനമെഴുതിയ തരൂരിനുനേരേ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ലേഖനത്തെ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. പെട്ടിക്കടകൾപോലും സംരംഭമായി കേരളം എണ്ണുകയാണെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദവും മറ്റ് ഡേറ്റകളും വേണുഗോപാൽ ചൂണ്ടിക്കാട്ടിയതോടെ ഇത് പരിശോധിക്കുമെന്ന് തരൂർ മറുപടി നൽകി.