“കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌തത് ഭരണഘടനാവിരുദ്ധം” : സിബിസിഐ, ലത്തീന്‍ സഭ

തിരുവനന്തപുരം: കന്യാസ്ത്രീകളെ അറസ്‌റ്റ് ചെയ്‌തത് ഭരണ ഘടനയ്‌ക്കെതിരാണെന്നും ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നും സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. കന്യാസ്ത്രീകളെ തടഞ്ഞുവെച്ച് അറസ്‌റ്റ് ചെയ്‌ത സംഭവം വേദനാജനകമെന്ന് ബിഷപ്പ് പറഞ്ഞു. മനുഷ്യക്കടത്ത് ആരോപിച്ചാണ് അറസ്‌റ്റ് ചെയ്‌തത്. മതപരിവർത്തനവും ആരോപിക്കപ്പെട്ടു. മത സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തുന്ന പ്രവൃത്തിയാണിതെന്ന് ആൻഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. മത സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള രാജ്യമാണ് ഭാരതം. അത് സംരക്ഷിക്കപ്പെടണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. പാവപ്പെട്ടവരെ ശുശ്രൂഷിക്കുന്ന സിസ്റ്റർമാർക്കെതിരെ ഇത്തരം നടപടി തെറ്റാണ്. കേരളത്തിൽ നിന്നുള്ള എംപിമാരടക്കം വിഷയത്തിൽ ഇടപെട്ടതിൽ നന്ദിയുണ്ട്. പെൺകുട്ടികൾ ക്രൈസ്തവരാണ്. പ്രായപൂർത്തിയായവരാണ്. മാതാപിതാക്കളുടെ അനുമതിയോടെയാണ് അവർ കന്യാസ്ത്രീകൾക്കൊപ്പം വന്നതെന്നുംതെന്നും ആൻഡ്രൂസ് താഴത്ത് ചൂണ്ടിക്കാണിച്ചു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ അടക്കമുള്ളവരെ വിളിച്ച് വിഷയം പറഞ്ഞിട്ടുണ്ടന്നും അദ്ദേഹം വ്യക്തമാക്കി.
ലത്തീന്‍ സഭ വികാരി ജനറല്‍ ഫാ യുജിന്‍ പെരേര :
ഛത്തീസ്‌ഗഢില്‍ കന്യാസ്ത്രീകളെ പൊലീസ് അറസ്‌റ്റ് ചെയ്‌ത നടപടിയിലെ ഇരട്ടത്താപ്പ് ജനങ്ങള്‍ കൃത്യമായി തിരിച്ചറിയും . ക്രിസ്‌തീയ സഭാ പ്രതിനിധികള്‍ക്ക് ഇവിടെ പ്രശസ്‌തി പത്രവും കേരളത്തിന് പുറത്ത് കുറ്റപത്രവും നല്‍കുന്ന നടപടിക്കെതിരെ വ്യാപകമായി ഉയരുന്ന വിമര്‍ശനത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മനുഷ്യ സ്‌നേഹികള്‍ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞു മറുപടി നല്‍കും. ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സ്‌തുത്യര്‍ഹമായ സേവനങ്ങളാണ് മിഷണറികള്‍ രാജ്യത്തിൻ്റെ വിവിധ കോണുകളില്‍ തുടരുന്നത്. ഇത്തരം ശുശ്രൂഷകള്‍ ചെയ്യുന്നവര്‍ ഇന്ന് വളരെ പ്രതികൂലമായ അനുഭവങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. പൊലിസ് സാന്നിധ്യത്തില്‍ പിടികൂടിയ പുരോഹിതര്‍ ആള്‍ക്കൂട്ട വിചാരണയാണ് നേരിട്ടത്. പൊലീസ് ചോദ്യം ചെയ്യുന്നതിന് പകരം ക്രൂരമായ ആള്‍ക്കൂട്ട വിചാരണയാണ് നേരിട്ടത്.
നിസ്സഹായര്‍ക്ക് സേവനം നല്‍കുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിൻ്റെ വകുപ്പുകളാണ് ചുമത്തിയത്. മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കുട്ടികള്‍ പുരോഹതര്‍ക്കൊപ്പം പോയത്. ഇത്തരം ഹീനമായ നടപടികള്‍ക്കെതിരെ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും രംഗത്ത് വരണം. പൊലീസിൻ്റെ സാന്നിധ്യത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിര്‍വീര്യമാക്കാനും മിഷണറിമാര്‍ക്ക് സ്വൈര്യമായി പ്രവൃത്തിക്കാനുള്ള സൗകര്യമൊരുക്കുകയും വേണം. ഡല്‍ഹിയില്‍ കാത്തലിക് ബിഷപ് കമ്മിറ്റി ഇതിനോടകം ഇക്കാര്യത്തില്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി കഴിഞ്ഞുവെന്നും ഫാ. യുജിന്‍ പെരേര തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി:
മതേതര സ്വഭാവത്തിനും പൗരസ്വാതന്ത്ര്യത്തിനും എതിരായ വെല്ലുവിളിയാണ് സംഭവിച്ചത്. രാഷ്ട്രീയ വിശദാംശങ്ങളിലേക്കില്ല. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തി തീർക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുവെന്നും പാംപ്ലാനി മാധ്യമങ്ങളോട് പറഞ്ഞു.ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന ആരോപണം വസ്തുതാപരമായി ശരിയല്ല. മത പരിവർത്തന നിരോധന നിയമം കിരാത നിയമമാണ്. ന്യൂനപക്ഷങ്ങൾ ഈ നിയമത്തിൻ്റെ പേരിൽ വേട്ടയാടപ്പെടുന്നു. ഞങ്ങൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് മൃദുസമീപനം എടുത്തു എന്നത് ശരിയല്ല. ന്യൂനപക്ഷ പീഡനങ്ങൾ മതേതരത്വത്തിന് എതിരാണ്. മുഖ്യമന്ത്രി ഉദാരതയോടെ ഇടപെട്ടു. കാസ പോലുള്ള സംഘടനകൾ പുന:പരിശോധന നടത്തുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദീപിക ദിനപത്രത്തിൽ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചതിലും ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ദീപികയിൽ എഡിറ്റോറിയൽ എഴുതുന്നതും അരമനയിൽ പ്രാർത്ഥിക്കുന്നതും തെറ്റല്ല. ആരോടും ഒരു രാഷ്ട്രീയ പാർട്ടിയോടും പക്ഷപാതിത്വം കാണിച്ചിട്ടില്ല. ശിവൻകുട്ടിയുടെ പാർട്ടിയോടും കാണിച്ചിട്ടില്ല. സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.
“ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്കയുണ്ട് .ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നു. മഹാരാഷ്ട്രയിലെ ബിജെപി എംഎൽഎ പ്രകോപനം സൃഷ്ടിച്ചു. ക്രിസ്ത്യാനികളെ മർദിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ചു. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് നടത്തിയത്. നിയമോപദേശം അനുസരിച്ച് ജാമ്യാപേക്ഷ നൽകുന്നതിൽ തീരുമാനമെടുക്കും. നാളെയോ മറ്റെന്നാളോ ജാമ്യ അപേക്ഷ സമർപ്പിക്കും. ജാമ്യം ലഭിക്കാതിരിക്കാനും നിരപരാധികളായ കന്യാസ്ത്രീകളെ കുടുക്കാനുമാണ് കൂടുതൽ വകുപ്പുകൾ ചുമത്തിയത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ ആശങ്ക അറിയിച്ചിട്ടുണ്ട് .കേന്ദ്രസർക്കാരിൻ്റെ പിന്തുണയുണ്ടെന്നും പ്രതിപക്ഷ പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സിബിസിഐ ആസ്ഥാനത്ത് വന്നപ്പോൾ സിബിസിഐ പ്രസിഡന്റ് ആൻഡ്രൂസ് താഴത്ത് ക്രിസ്ത്യാനികൾക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 25-നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവർ.