കന്യാസ്ത്രീകളുടെ അറസ്റ്റ് : “സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുത് “: ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി

റായ്പൂർ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള വിഷയത്തെ രാഷ്ട്രീയവൽകരിക്കുന്നത് നിർഭാഗ്യകരമാണെന്നാണ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ നിന്നുള്ള രണ്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം
‘അന്വേഷണം ഇപ്പോഴും തുടരുകയാണ്. കേസ് കോടതിയുടെ പരിഗണനയിലാണ്, നിയമം അതിൻ്റേതായ വഴിക്ക് പോകും. എല്ലാ മതങ്ങളിലെയും സമുദായങ്ങളിലെയും ആളുകൾ ഐക്യത്തോടെ ജീവിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഢ്. ബസ്തറിലെ നമ്മുടെ പെൺമക്കളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ദൗർഭാഗ്യകരമാണ്’ -മുഖ്യമന്ത്രി പറഞ്ഞു.
കന്യാസ്ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ സിസ്റ്റർ പ്രീതിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി സിസ്റ്റർ വന്ദനയും മൂന്നാം പ്രതി പെൺകുട്ടികളിലൊരാളുടെ സഹോദരൻ സുഖമാൻ മാൻഡവിയുമാണ്. നിർബന്ധിത മതപരിവർത്തനം സെക്ഷൻ 4 ചുമത്തി കേസെടുത്തിട്ടുണ്ട്. ഇതിന് 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
കോൺവെൻ്റിലെ ജോലിക്കായെത്തിയ 19 വയസ് മുതൽ 22 വയസുവരെയുള്ള പെൺകുട്ടികളെ കൂട്ടിക്കൊണ്ടു വരാനാണ് കന്യാസ്ത്രീകൾ റെയിൽവേ സ്റ്റേഷനിലെത്തിയത്. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായിരുന്നു പെൺകുട്ടികൾ വന്നത്. പെൺകുട്ടികളിലൊരാളുടെ സഹോദരനും കൂടെയുണ്ടായിരുന്നു. എന്നാൽ ഇവരെ തടഞ്ഞു നിർത്തി ടിടിആർ ബജ്റംഗ് ദൾ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് റെയിൽവേ പൊലീസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
അറസ്റ്റിനു പിന്നാലെ കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻ്റ് വളപ്പിൽ പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങളിൽനിന്ന് കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ ഒഴിഞ്ഞുമാറി. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാരായ പി രാജീവ്, റോഷി അഗസ്റ്റിൻ എന്നിവർ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് ബന്ധുക്കൾക്ക് പിന്തുണ അറിയിച്ചു. അതേസമയം കന്യാസ്ത്രീകളുടെ മോചനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിഷ്ണു ഡിയോ സായിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നൽകിയിരുന്നു.