ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം പാക്ക് അധീന കശ്മീരിൽ; തിരികെ നൽകണമെന്ന് പാക്കിസ്ഥാന് സന്ദേശം
ന്യൂഡൽഹി : ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം(യുഎവി) പരിശീലന പറക്കലിനിടെ അതിർത്തി കടന്ന് പാക്ക് അധീന കശ്മീരിലേക്ക് നീങ്ങിയതായി അധികൃതർ. രജൗരിയിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടാണ് യുഎവി പാക്ക് അധീന കശ്മീരിലെത്തിയത്. ഇത് തിരികെ നൽകണമെന്ന് പാക്കിസ്ഥാൻ സൈനികർക്ക് സന്ദേശം നൽകിയതായി അധികൃതർ പറഞ്ഞു.
രാവിലെ 9.25നാണ് സംഭവം. ഇന്ത്യയുടെ ഭിംബർ ഗലി പ്രദേശത്തിന് എതിരായിട്ടുള്ള നികിയൽ പ്രദേശത്തേക്കാണ് യുഎവി നീങ്ങിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം കർശന നിരീക്ഷണം തുടരുകയാണ്. ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് 14ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അതിർത്തികളിലെ സുരക്ഷ വിലയിരുത്തുന്നതിനായി യോഗം ചേർന്നിരുന്നു.