റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് പ്രസവമെടുത്ത് സൈനിക ഡോക്ടർ

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഝാന്‍സി റെയില്‍വേ സ്‌റ്റേഷനില്‍ ഗർഭിണിയായ സ്ത്രീക്ക് സുരക്ഷിതമായി പ്രസവിക്കാൻ അവസരമൊരുക്കി ഇന്ത്യൻ ആർമി ഡോക്‌ടര്‍. ഝാന്‍സിയിലെ മിലിട്ടറി ആശുപത്രിയിലെ ഡോക്‌ടര്‍ മേജർ രോഹിതാണ് സ്ത്രീക്ക് അടിയന്തര വൈദ്യസഹായം നല്‍കിയത്. സ്റ്റേഷനില്‍ ട്രെയിനിനായി കാത്തിരിക്കുമ്പോഴാണ് ഒരു സ്‌ത്രീക്ക് പ്രസവവേദന അനുഭവപ്പെടുന്നത് അദ്ദേഹം കാണുന്നത്.
ഇതോടെ തന്‍റെ യാത്രയെക്കുറിച്ച് ചിന്തിക്കാതെ സ്‌ത്രീയെ സഹായിക്കാന്‍ അദ്ദേഹം മുന്നോട്ട് വരികയായിരുന്നു. ഝാന്‍സിയിലെ വീരംഗന ലക്ഷ്‌മിഭായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പൻവേൽ-ഗോരഖ്‌പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ പെട്ടന്ന് പ്രസവ വേദന അനുഭപ്പെട്ട സ്‌ത്രീയെ ഝാന്‍സി സ്‌റ്റേഷനില്‍ ഇറക്കുകയായിരുന്നു.
പെട്ടന്ന് തന്നെ മേജര്‍ രോഹിത് കയ്യില്‍ ഉണ്ടായിരുന്ന ക്ലിനിക്കല്‍ ഉപകരണങ്ങളുമായി തൻ്റെ കർത്തവ്യം നിര്‍വഹിച്ചു. കുറച്ച് സമയത്തിനുള്ളില്‍ സ്ത്രീയുടെ സുരക്ഷിതമായ പ്രസവം ഉറപ്പാക്കി. പ്രസവ സ്ഥലം ഒരു മുണ്ടുകൊണ്ട് വളഞ്ഞിരുന്നു. പോക്കറ്റ് കത്തി, ഹെയർ ക്ലിപ്പുകൾ എന്നിവ ഉപയോഗിച്ച് ഈ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിൽ മേജർ രോഹിത് നിർണായക വൈദ്യസഹായം ഉറപ്പാക്കി.
റെയിൽവേ ജീവനക്കാരുടെ ഇടപെടലിനെയും സമർപ്പണത്തെയും നോർത്ത് സെൻട്രൽ റെയിൽവേ അധികൃതര്‍ പ്രശംസിച്ചു. “പൻവേൽ-ഗോരഖ്‌പൂര്‍ എക്‌സ്പ്രസില്‍ (ട്രെയിൻ നമ്പർ 15066) യാത്ര ചെയ്‌ത സ്ത്രീക്ക് പെട്ടന്ന് പ്രസവവേദന അനുഭവപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്ന്, റെയിൽവേ മെഡിക്കൽ സംഘം ഉടനടി നടപടി സ്വീകരിച്ച് സുരക്ഷിതമായി പ്രസവം നടത്തി.
പ്രസവശേഷം സ്ത്രീയെയും നവജാതശിശുവിനെയും ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് അയച്ചു. റെയിൽവേ ജീവനക്കാരുടെ കൃത്യനിഷ്‌ഠതയ്‌ക്കും സമർപ്പണത്തിനും സല്യൂട്ട്”- നോർത്ത് സെൻട്രൽ റെയിൽവേ എക്‌സില്‍ കുറിച്ചു.