അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാല് ദിവസത്തേക്ക് കൂടി നീട്ടി. ഡൽഹിയിലെ റൗസ് അവന്യൂ കോടതിയാണ് കെജരിവാളിന്റെ കസ്റ്റഡി കാലാവധി നാലുദിവസത്തേക്ക് കൂടി നീട്ടിയത്.
കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടിയ സാഹചര്യത്തിൽ ഏപ്രിൽ ഒന്നുവരെ കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ തുടരും. അരവിന്ദ് കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കെജ്രിവാളിനെ റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയത്.
തനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് കോടതി കെജ്രിവാളിന് ഇതിന് അനുവാദം നൽകിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് അഭിഭാഷകനെ മറികടന്ന് കെജ്രിവാൾ നേരിട്ട് ചോദ്യങ്ങൾ ചോദിച്ചു. എന്നാൽ അഴിമതി നടത്തിയതിനാലാണ് അറസ്റ്റ് ചെയ്തത് എന്നും മുഖ്യമന്ത്രി ആയതിനാൽ അല്ല എന്നും കോടതിയിൽ പറഞ്ഞ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കെജ്രിവാൾ കോടതി മുറിയിൽ ഷോ നടത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
പറയാനുള്ളത് എഴുതി നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും നേരിട്ട് ബോധിപ്പിക്കണമെന്ന് കെജ്രിവാൾ അറിയിച്ചതിനെത്തുടർന്ന് കോടതി അതിന് അനുവാദം നൽകുകയായിരുന്നു. നൂറുകോടിയുടെ അഴിമതി നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നു എന്നും അഴിമതി നടത്തിയെങ്കിൽ പണം എവിടെയെന്നും കെജ്രിവാൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ചോദിച്ചു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയാണെന്നും 200 സാക്ഷികളെ ഇതുവരെ വിളിപ്പിച്ചു എന്നും സാക്ഷികളുടെ മക്കളെ അടക്കം അറസ്റ്റ് ചെയ്യുമെന്ന് ഇ ഡി ഭീഷണിമുഴക്കിയതായും കെജ്രിവാൾ കോടതിയെ അറിയിച്ചു