അർജുനെ കാണാതായിട്ട് ഇന്നേക്ക് ഒരുമാസം
കോഴിക്കോട്: ഷിരൂരിലെ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ഒരുമാസം പിന്നിടുന്നു. ജൂലായ് 16-ന് രാവിലെ 8:45ഓടെയുണ്ടായ മണ്ണിടിച്ചിലിലാണ് തടി കയറ്റിയ ലോറിയുമായി മലപ്പുറത്തെ എടവണ്ണയിലേക്ക് വരുകയായിരുന്ന അർജുൻ അകപ്പെട്ടത്. അനിയത്തിയുടെ വിവാഹ നിശ്ചയം നടത്തണം, മകനെ മൂകാംബികയിൽ എഴുത്തിനിരുത്തണം എന്നിങ്ങനെ ഒരുപാട് സ്വപ്നങ്ങളുമായാണ് അർജുൻ അവസാനമായി വീട്ടിൽ നിന്നും ഇറങ്ങിയത്.
എത്ര ദൂരെ പോയാലും ഒരു ഫോൺ കോളിലൂടെ കുടുംബത്തെ ചേർത്തു നിർത്തിയിരുന്ന മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും അർജുന്റെ അച്ഛൻ. കുടുംബം പോറ്റാൻ 20-ാമത്തെ വയസ്സിൽ വളയം പിടിച്ച വീടിന്റെ നെടുംതൂണായ മകൻ, അവനില്ലാതെ ഇത്രയും ദിവസം തള്ളി നീക്കിയത് എങ്ങനെയെന്ന് പോലും ഈ കുടുംബത്തിന് പറയാൻ വയ്യ.
അർജുന് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ പലതും പറയുന്നുണ്ട്. ഈ കാര്യത്തിൽ കൃത്യമായ ഒരുത്തരം വേണമെന്ന് അർജുന്റെ സഹോദരി പറയുന്നു. എന്താണ് സംഭവിച്ചത് എന്ന് അറിയണം. കാർവാറിൽ ലോറി ഉയർത്താൻ ഉപയോഗിച്ച വാഹനങ്ങളും യന്ത്രങ്ങളും കൂടി ഗംഗാവലിപ്പുഴയിൽ അടിഞ്ഞ് കൂടിയ തടിക്കഷ്ണങ്ങൾ പൊക്കിയെടുക്കാൻ എത്തിക്കുമെന്നാണ് ലഭിച്ച വിവരം. വെള്ളിയാഴ്ച നടക്കുന്ന തിരച്ചിലിൽ പ്രതീക്ഷയുണ്ടെന്നും സഹോദരി.
കോട്ടയ്ക്കലിൽ നിന്നും ടൈലുമായി മൈസൂരിലേക്കു പോയ അർജുൻ ജൂലായ് 15-നാണ് ബെൽഗാമിൽ നിന്നും തടിയുമായി എടവണ്ണയിലേക്ക് തിരിച്ചത്. 16-ന് രാവിലെ ഷിരൂരിൽ ഗംഗാവാലിപ്പുഴയ്ക്ക് സമീപം വണ്ടി നിർത്തി വിശ്രമിക്കുന്നതിനിടെ മണ്ണിടിച്ചിലിൽ പെട്ടു. അർജുനെ കാണാതായ വിവരം കേരളത്തിലെ മാധ്യമങ്ങളിൽ വലിയ വാർത്തയായതോടെയാണ് ഇഴഞ്ഞു നീങ്ങിയ തിരിച്ചിൽ വേഗത്തിലായത്. മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായതോടെ തിരച്ചിൽ ഗംഗാവലിപുഴയിലേക്ക് മാറ്റി. ശക്തമായ അടിയൊഴുക്കുകാരണം നേവിയും ഈശ്വർ മാൽപെയ്ക്കും വെള്ളത്തിൽ മുങ്ങി തിരച്ചിൽ നടത്താനായില്ല. തുടർന്ന് നിർത്തി വെച്ച തിരച്ചിൽ പുനരാംഭിച്ചത് മുതൽ അർജുനെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബവും കണ്ണാടിക്കലിലെ അർജുന്റെ പ്രിയപ്പെട്ട നാട്ടുകാരും.