ദേശീയപാത 66ൽ ഗതാഗതം പുനരാരംഭിച്ചു: അർജുനെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നു
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനയുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ. അതേസമയം അർജുനടക്കം ഒട്ടേറെ പേരുടെ അപകടത്തിന് ഇടയാക്കിയ മണ്ണിടിച്ചിലിനെ തുടർന്ന് അടച്ചിട്ട ദേശീയപാത 66 ൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. ജൂലൈ 16നാണ് ഷിരൂരിൽ മണ്ണിടിച്ചിൽ ഉണ്ടാകുന്നതും കോഴിക്കോട് സ്വദേശിയായ അർജുനടക്കം ഒട്ടേറെ പേർ അപകടത്തിൽ പെടുന്നതും. സംഭവത്തിനുശേഷം 17 ദിവസങ്ങൾക്ക് ശേഷമാണ് പാതയിലൂടെയുള്ള ഗതാഗതം ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്.
അപകടത്തിനുശേഷം മണ്ണിടിഞ്ഞ പ്രദേശത്തിന് നാല് കിലോമീറ്റർ ദൂരത്ത് ദേശീയപാതയിൽ ഇരുവശത്തും ബാരിക്കേഡുകൾ വച്ച് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിന് ശേഷം ഇവിടെ ഗതാഗതം നിരോധിച്ചത്. കുന്നിൽ നിന്ന് വരുന്ന വെള്ളം നദിയിലേക്ക് ഒഴുക്കിവിടുന്നതിനായി കാന പണിയാൻ നടപടി സ്വീകരിക്കുകയും റോഡരികിൽ പാർക്കിങ്ങിന് നിരോധനമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സ്ഥലം സന്ദർശിച്ച കാർഷിക സർവകലാശാല സംഘം തൃശ്ശൂർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നുവെങ്കിലും ഉത്തര കന്നട ജില്ലാ ഭരണകൂടത്തിൽ നിന്ന് തൃശ്ശൂർ ജില്ലാ ഭരണകൂടത്തിന് ഔദ്യോഗിക അപേക്ഷ ലഭിക്കാത്തതിനാൽ തിരച്ചിൽ വൈകുകയാണ്. തൃശ്ശൂർ കേരള കാർഷിക സർവ്വകലാശാലയിലെ ജലയാനവുമായി ബന്ധിപ്പിക്കുന്ന മണ്ണുമാന്തി യന്ത്രം എത്തിക്കുന്ന കാര്യത്തിലെ തീരുമാനം സ്ഥിതിഗതികൾ പഠിച്ച ശേഷം മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ.
കഴിഞ്ഞദിവസം ഷിരൂരിൽ ഉത്തര കന്നട കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഓഗസ്റ്റ് അഞ്ചിന് അമാവാസിനാളിൽ വേലിയിറക്കം ഉണ്ടാകുമെന്നും ആ സമയത്ത് നദിയിൽ വെള്ളം കുറയുന്നതിനാൽ അന്നത്തേക്ക് മണ്ണ് മാന്തി യന്ത്രം എത്തിക്കണമെന്ന് ഉള്ള ചർച്ചയും ഉണ്ടായിരുന്നു.
നടപടികൾ എടുക്കുന്നതിനു മുൻപ് യന്ത്രം ഏതു രീതിയിൽ ഉപയോഗപ്രദമാകും എന്നത് സംബന്ധിച്ച് ഇനിയും പരിശോധന നടത്തി ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞദിവസം ഷിരൂരിൽ നിന്ന് അർജുന്റെ കുടുംബാംഗങ്ങൾ മടങ്ങിയിരുന്നുവെങ്കിലും ഇന്ന് വീണ്ടും അവിടേക്ക് തിരിക്കും എന്നാണ് അറിയുന്നത്