അർജുന്റെ മൃതദേഹം ജന്മനാടായ കണ്ണാടിക്കലിലെത്തി
കോഴിക്കോട് : അർജുൻ ഇനി ജനമനസ്സുകളിൽ ഓർമയുടെ ആഴങ്ങളിൽ. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72–ാം ദിവസം പുഴയിൽനിന്നു വീണ്ടെടുത്ത അർജുന്റെ മൃതദേഹം ജന്മനാടായ കണ്ണാടിക്കലിലെത്തി. അർജുനെ അവസാനമായി കാണാൻ നൂറുകണക്കിനു പേർ വീട്ടിലേക്കെത്തുകയാണ്. 11 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.രാവിലെ ജില്ലാ അതിർത്തിയായ അഴിയൂരിൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ.ശശീന്ദ്രൻ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലൻസ് കടന്നുവന്ന വഴികളിൽ അർജുനെ കാണാനായി ജനം കാത്തുനിന്നു. മുങ്ങൽ വിദഗ്ധന് ഈശ്വർ മാൽപെയും കാർവാർ എംഎൽഎ സതീഷ് സെയിലും മൃതദേഹത്തെ അനുഗമിച്ചു. ജനപ്രതിനിധികൾ വീട്ടിലെത്തി സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
വൈകിട്ട് തൊട്ടടുത്ത വയലിൽ അനുശോചനയോഗവും നടക്കും. നാട്ടിലെ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സാംസ്കാരിക സാമൂഹിക പ്രവർത്തകർ, ക്ഷേത്രപ്രതിനിധികൾ, പള്ളിക്കമ്മിറ്റി പ്രതിനിധികൾ തുടങ്ങി എല്ലാവരും അർജുന്റെ ഓർമകളിൽ ഒത്തുചേരും.ഇന്നലെ വൈകിട്ട് 7.15ന് കാർവാറിലെ ആശുപത്രിയിൽനിന്ന് മൃതദേഹവും വഹിച്ച് ആംബുലൻസ് കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു. മൃതദേഹഭാഗങ്ങളുടെ ഡിഎൻഎ പരിശോധന ഇന്നലെ ഉച്ചയോടെയാണു പൂർത്തിയായത്. സഹോദരൻ അഭിജിത്തിന്റെ ഡിഎൻഎ സാംപിളുമായി പ്രാഥമിക പരിശോധനയിൽത്തന്നെ സാമ്യം കണ്ടെത്തി. വൈകിട്ട് 6.15ന് അഭിജിത്തും അർജുന്റെ സഹോദരീഭർത്താവ് ജിതിനും ചേർന്നു മൃതദേഹം ഏറ്റുവാങ്ങി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച തന്നെ പൂർത്തിയാക്കിയിരുന്നു. സാധാരണ 4 ദിവസത്തോളം വൈകുന്ന ഡിഎൻഎ പരിശോധന, പ്രത്യേക ഇടപെടലിൽ വേഗം പൂർത്തിയാക്കുകയായിരുന്നു.