9–ാം ദിവസവും അർജുൻ കാണാമറയത്ത്; പുഴയുടെ അടിത്തട്ടിലെ സിഗ്നൽ കേന്ദ്രീകരിച്ച് പരിശോധന
ഷിരൂർ : കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞു കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ഇന്ന് ഒൻപതാം ദിവസത്തിലേക്ക്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാർ സിഗ്നൽ ലഭിച്ചതും നിർണായകമാണ്. നാവികസേന നടത്തിയ തിരച്ചിലിലാണ് സോണാർ സിഗ്നൽ കിട്ടിയത്. വെള്ളത്തിനടിയിലുള്ള വസ്തുക്കളെ കണ്ടെത്തുന്നതിനും അവയുടെ സഞ്ചാരദിശ, വേഗം തുടങ്ങിയവ മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്ന ശബ്ദശാസ്ത്ര സംവിധാനമാണു സോണാർ. കണ്ടെത്തിയ രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചിൽ. ഡ്രോൺ ഉപയോഗിച്ച് ചെളിയിൽ പുതഞ്ഞ വസ്തുക്കളുടെ സിഗ്നൽ കണ്ടെത്താനുള്ള സംവിധാനം ഇന്ന് തിരച്ചിലിന് ഉപയോഗിക്കാനാവില്ല.
ബാറ്ററി ഡൽഹിയിൽനിന്ന് എത്തിക്കാനുള്ള കാലതാമസമാണ് തടസമാകുന്നത്. വിമാനത്തിൽ എത്തിക്കുന്നതിന് തടസമുള്ളതിനാൽ രാജധാനി എക്സ്പ്രസിലാണ് ബാറ്ററി എത്തിക്കുന്നത്. ഈ ട്രെയിൻ നാളെ ഉച്ചയ്‍ക്കേ കാർവാറിൽ എത്തുവെന്നും എംഎൽഎ അറിയിച്ചു. ബൂം മണ്ണുമാന്തി യന്ത്രം 11 മണിയോടെ തിരച്ചിൽ സ്ഥലത്തെത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ മാധ്യമങ്ങളോട് പറഞ്ഞു. പുലർച്ചെ 3 മണിയോടെ എത്തേണ്ടതായിരുന്നെങ്കിലും സാങ്കേതിക പ്രശ്നമുണ്ടായതോടെയാണ് വാഹനം വൈകുന്നതെന്നും എംഎൽഎ പറഞ്ഞു. സോണാർ, റഡാർ സിഗ്നലുകൾ ഒന്നിച്ച് ലഭിച്ച ഭാഗത്താണ് പരിശോധന.
അർജുനെ കണ്ടെത്താന്‍ ഗംഗാവലി നദിയിൽ 60 അടി ആഴത്തിൽനിന്ന് ചെളി നീക്കി പരിശോധിക്കും. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും.
ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്. ഗംഗാവലിപ്പുഴയിൽ റഡാർ സിഗ്നൽ ലഭിച്ച അതേ ഇടത്തുനിന്നു തന്നെ സോണാർ സിഗ്നലും ലഭിച്ചതും നിർണായകമാണ്. രണ്ടു സിഗ്നലുകളും വലിയ വസ്തുവിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതിനാൽ ഇവിടം കേന്ദ്രീകരിച്ചാകും നാവികസേനയുടെ തിരച്ചിൽ. ബുധനാഴ്ച തിരച്ചിലിനായി ‘ഐബോഡ്’ സാങ്കേതിക സംവിധാനം ഉപയോഗിക്കും. ആകാശത്തുനിന്നു നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്നുപോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടിയുള്ള എട്ടാം ദിവസത്തെ തിരച്ചിലും അവസാനിച്ചു. പുഴയിൽ നിന്നും അർജുനെയും ലോറിയെയും കണ്ടെത്താനായില്ല.
അർജുനു വേണ്ടിയുള്ള തിരച്ചിൽ അഴിമുഖം കേന്ദ്രീകരിച്ച്. നദിയിലെ മൺകൂന തുരന്നും പരിശോധിക്കും. സൈന്യം റഡാറുകളും സെൻസറുകളും ഉപയോഗിച്ച് ഗംഗാവലിപ്പുഴയിൽ തിരച്ചിൽ തുടരുന്നുണ്ട്. ഇന്നലെ പുഴയിൽനിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുന്നിടിഞ്ഞു പുഴയിലേക്കു വീണ് കരയിലേക്കു വെള്ളം ഇരച്ചുകയറിയപ്പോൾ കാണാതായ സന്നി ഹനുമന്ത ഗൗഡയുടെ (65) മൃതദേഹമാണ് 4 കിലോമീറ്റർ അകലെ മഞ്ചിഗുണി ഗ്രാമത്തിൽനിന്നു ലഭിച്ചത്. സന്നി മണ്ണിനടിയിലായെന്നു കരുതിയിരിക്കെയാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. 16ന് രാവിലെ 8.30ന് ആണ് ഷിരൂരിൽ കുന്നിടിഞ്ഞ് റോഡിലേക്കും ഗംഗാവലിപ്പുഴയിലേക്കുമായി വീണത്.
അന്ന് കാണാതായ അർജുനായി ഇതുവരെ കരയിലും പുഴയിലുമായി നടത്തിയ തിരച്ചിലുകളൊന്നും ഫലംകണ്ടില്ല. ദേശീയപാതയിലെ മണ്ണ് പൂർണമായും നീക്കിയിട്ടും കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തിരച്ചിൽ പുഴയിലേക്കുകകൂടി വ്യാപിപ്പിച്ചത്. റഡാർ പരിശോധനയിൽ പുഴയിൽനിന്ന് ചില സിഗ്നലുകൾ ലഭിച്ചിരുന്നു. ഇന്ന് കൂടുതൽ ഉപകരണങ്ങൾ എത്തിച്ച് സൈന്യം പരിശോധന തുടരും. ഇടവിട്ട് പെയ്യുന്ന ശക്തമായ മഴയും കുത്തൊഴുക്കും തിരച്ചിലിന് തടസ്സമാകുന്നുണ്ട്.