അർജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും

0

തിരുവനന്തപുരം : കര്‍ണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താൻ അടിയന്തര ഇടപെടലിനു മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ചീഫ് സെക്രട്ടറി ഡോ. വി.വേണുവിനാണു മുഖ്യമന്ത്രി നിർദേശം നൽകിയത്. അര്‍ജുനെ കണ്ടെത്താൻ ഇടപെട്ടെന്നു ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ കര്‍ണാടകയിലെ ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടെന്നും അർജുന്റെ കുടുംബം സമാധാനത്തോടെ ഇരിക്കണമെന്നും മന്ത്രി പറഞ്ഞു. കാസർകോട് കലക്ടറോടോ അദ്ദേഹത്തിന്റെ പ്രതിനിധികളോടോ കാര്യങ്ങള്‍ നേരിട്ട് അന്വേഷിക്കണമെന്നു മന്ത്രി നിര്‍ദേശിച്ചു.

കാസര്‍കോട്, കണ്ണൂര്‍ ആര്‍ടിഒമാരെ കര്‍ണാടകയിലെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. മണ്ണുമാറ്റി പരിശോധിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ തയാറാകുന്നില്ലെന്ന് അര്‍ജുന്റെ ഭാര്യ പരാതിപ്പെട്ടപ്പോൾ, നമ്മള്‍ ജെസിബി കൊണ്ടുപോയി മണ്ണുമാറ്റി തിരയുമെന്നും മന്ത്രി പറഞ്ഞു. മലയാളി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഫോണില്‍ വിളിച്ചു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ശിവകുമാര്‍ ഉറപ്പു നല്‍കി.

കര്‍ണാടകയിലെ അധികൃതരുമായി ബന്ധപ്പെട്ടെന്ന് എം.കെ.രാഘവന്‍ എംപി പറഞ്ഞു. കാലാവസ്ഥ മോശമായതു രക്ഷാപ്രവര്‍ത്തനത്തിനു വെല്ലുവിളിയാണെന്നും അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമയും ബന്ധുക്കളും കര്‍ണാടകയിലെത്തിയെന്നും രാഘവൻ വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *