“സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടോ ?”-സുപ്രീം കോടതി

0

ന്യൂഡൽഹി: റേഷൻ കാർഡുകൾ ജനപ്രീതി കാർഡായി മാറിയിരിക്കുന്നുവെന്ന് സുപ്രീം കോടതി. ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്ത വ്യക്തികളിലേക്ക് എത്തുന്നുണ്ടോയെന്നും കോടതി ചോദിച്ചു. സബ്‌സിഡികളുടെ ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തണമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

‘ദരിദ്രർക്കുള്ള ആനുകൂല്യങ്ങൾ അർഹതയില്ലാത്തവരിലേക്ക് ഒഴുകുന്നുണ്ടോ എന്നതാണ് ഞങ്ങളുടെ ആശങ്ക. റേഷൻ കാർഡ് ഇപ്പോൾ ഒരു ജനപ്രിയ കാർഡായി മാറിയിരിക്കുന്നു. ഈ സംസ്ഥാനങ്ങൾ ഇത്രയധികം കാർഡുകൾ നൽകിയിട്ടുണ്ടെന്ന് പറയുന്നു. വികസനം കാണിക്കേണ്ടി വരുമ്പോൾ നമ്മുടെ പ്രതിശീർഷ വരുമാനം വളരുകയാണെന്ന് പറയുന്ന ചില സംസ്ഥാനങ്ങളുണ്ട്.

പിന്നെ നമ്മൾ ബിപിഎല്ലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ജനസംഖ്യയുടെ 75 ശതമാനവും ബിപിഎൽ ആണെന്ന് അവർ പറയുന്നു. ഈ വസ്‌തുതകൾ എങ്ങനെ അംഗീകരിക്കാനാകും. ആനുകൂല്യങ്ങൾ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് നാം ഉറപ്പാക്കണം.” ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

വികസന സൂചിക എടുത്തുകാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ പല സംസ്ഥാനങ്ങളും ഉയർന്ന പ്രതിശീർഷ വളർച്ച കാണിക്കുന്നുണ്ടെന്നും എന്നാൽ സബ്‌സിഡികളുടെ കാര്യത്തിൽ അവരുടെ ജനസംഖ്യയുടെ 75 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കോവിഡിൻ്റെ സമയത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള കേസിൽ ബെഞ്ച് വാദം കേൾക്കുന്ന സമയത്താണ് ഇക്കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ജനങ്ങളുടെ വരുമാനത്തിലെ അസമത്വങ്ങളിൽ നിന്നാണ് ഈ അപാകത ഉണ്ടായതെന്ന് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞു.

‘മറ്റ് ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറച്ച് ആളുകൾക്ക് വലിയ സമ്പത്തുണ്ട്, കൂടാതെ പ്രതിശീർഷ വരുമാന കണക്ക് സംസ്ഥാനത്തിന്‍റെ മൊത്തം വരുമാനത്തിന്‍റെ ശരാശരിയാണ്. ദരിദ്രർ ദരിദ്രരായി തുടരുമ്പോൾ സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
സർക്കാരിന്‍റെ ഇ-ശ്രാം പോർട്ടലിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള ദരിദ്രരായ കുടിയേറ്റ തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകേണ്ടതുണ്ട്. കണക്കനുസരിച്ച് ഏകദേശം എട്ട് കോടി ആളുകളുണ്ടെന്ന് ഭൂഷൺ പറഞ്ഞു. “റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നതിൽ രാഷ്ട്രീയ ഘടകങ്ങൾ ഉൾപ്പെട്ടിട്ടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ദരിദ്രരുടെ ദുരവസ്ഥ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ദരിദ്രരായി തുടരുന്ന കുടുംബങ്ങളുണ്ട്”. ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

2021ലെ സെൻസസ് കേന്ദ്രം നടത്തിയില്ലെന്നും 2011ലെ സെൻസസിൽ നിന്നുള്ള ഡാറ്റയെ ആശ്രയിക്കുന്നത് തുടരുകയാണെന്നും അതിന്‍റെ ഫലമായി സൗജന്യ റേഷൻ ആവശ്യമുള്ള ഏകദേശം 10 കോടി ആളുകൾ ബിപിഎൽ വിഭാഗങ്ങളിൽ നിന്ന് പുറത്തായി എന്നും ഭൂഷൺ പറഞ്ഞു. ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഏകദേശം 81.35 കോടി ആളുകൾക്ക് സർക്കാർ സൗജന്യ റേഷൻ നൽകുന്നുണ്ടെന്നും മറ്റ് 11 കോടി ആളുകൾക്ക് സമാനമായ മറ്റൊരു പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു.

വിഷയം പരിഗണിക്കുന്നത് മാറ്റിവച്ച ബെഞ്ച്, ദരിദ്രർക്ക് വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍റെ അവസ്ഥയെക്കുറിച്ച് കേന്ദ്രത്തോട് പ്രതികരണം ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഡിസംബർ 9ന് സുപ്രീം കോടതി സൗജന്യ സംസ്‌കാരത്തെ എതിർക്കുകയും കുടിയേറ്റ തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞിരുന്നു.

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 81 കോടി ആളുകൾക്ക് സൗജന്യമായോ സബ്‌സിഡിയോടെയോ റേഷൻ ലഭിക്കുന്നുണ്ടെന്ന കണക്ക് കേന്ദ്രം കോടതിയെ അറിയിച്ചപ്പോൾ കോടതി അത്ഭുതപ്പെട്ടു. നികുതിദായകർ മാത്രമാണ് ഇതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും കണക്കുകളിൽ പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *