മലയാള സിനിമയിലെ ചില നന്മമരങ്ങൾ, യഥാർഥ തെമ്മാടികൾ: അർച്ചനാ കവി
കോഴിക്കോട്: മലയാള സിനിമയിലെ ചില നന്മമരങ്ങളാണ് സിനിമാ സെറ്റുകളിലെ യഥാർഥ തെമ്മാടികളെന്ന് നടി അർച്ചനാ കവി. കടുത്ത വൈകാരിക പീഡനമാണ് ഇത്തരം ചില സംവിധായകരിൽ നിന്ന് ഏൽക്കേണ്ടി വന്നതെന്ന് അർച്ചന വെളിപ്പെടുത്തി.
ഇത്രയും നന്മ ചെയ്യുന്നവർ ഈ ഭൂമിയിൽ വേറെയുണ്ടാവില്ലെന്ന് ഇവരെക്കുറിച്ച് വിചാരിക്കും. നമ്മുടെ മനസിന്‍റെ ദൗർബല്യം എന്താണെന്ന് അവർക്കറിയാമായിരിക്കും. ഷോട്ടെടുക്കുന്നതിന് തൊട്ടുമുൻപായിരിക്കും എല്ലാവരുടേയും മുന്നിൽവെച്ച് അവർ അതേക്കുറിച്ച് പറയുക.
അസ്വസ്ഥത തോന്നുമെങ്കിലും നിങ്ങൾക്ക് ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണം. ഡാൻസ് മാസ്റ്റേഴ്സ് മിക്കവാറും തമിഴ്നാട്ടിൽ നിന്നായിരിക്കും വരുന്നത്. അവരോട് ചില സംവിധായകർ പറയും ഏത് നടനും നടിയുമായിരിക്കും ബുദ്ധിമുട്ടുണ്ടാക്കാൻ പോകുന്നതെന്ന്. ഇതുപോലെ സ്റ്റണ്ട് മാസ്റ്റർമാരോടും പറയും.
ഇത്തരക്കാർ കയ്യിലെ മൈക്കിലൂടെ തോന്നിയതെല്ലാം വിളിച്ചുപറയും. ഇതൊക്കെ തങ്ങളെ ഉപദ്രവിക്കുകയാണെന്നുപോലും മനസിലാകാത്ത നടീനടന്മാരുണ്ടെന്നതാണ് സത്യം. മാനസികമായതും ശാരീരികമായതുമായ സാമ്പത്തികവുമായ ഉപദ്രവങ്ങൾ എന്തൊക്കെയാണെന്ന് സ്കൂളിൽനിന്നേ പഠിപ്പിച്ചുകൊടുക്കണമെന്ന് അർച്ചന വ്യക്തമാക്കി