ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

0

തൃശൂർ: ആറാട്ടുപുഴ തറയ്‌ക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിൽ നിരവധിപേർ തിങ്ങി നിറഞ്ഞിരിക്കുന്നതിനിടെയാണ് ആനയിടഞ്ഞത്. രാത്രി 10.30-നാണ് സംഭവം. അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ആന തൊട്ടിപ്പാൾ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. തുടർന്ന് ഇരു ആനകളും കൊമ്പ് കോർക്കുകയും ചെയ്തു. ആനകളെ നിലവിൽ തളച്ചിട്ടുണ്ട്.
പാപ്പാന്റെ നേർക്കുതിരിഞ്ഞ ആന മൂന്നുതവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അർജുനനെ കുത്തി.

രണ്ട് ആനകളും കൊമ്പുകോർക്കുന്നതിനിടെ ആളുകൾ വിരണ്ടോടി. പേടിച്ചോടുന്നതിനിടെ വീണും മറ്റും ഒട്ടേറെ പേർക്ക് ചെറിയ പരിക്കുണ്ട്. രണ്ടാനയുടെ പുറത്തുണ്ടായിരുന്നവരും വീണതായാണ് വിവരം. ഇൗ സമയം നിരവധിപേർ പൂരം കാണാനുണ്ടായിരുന്നു. പലരും കിടന്നുറങ്ങുന്നുമുണ്ടായിരുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ പാപ്പാനാണ് ശ്രീകുമാർ. പാപ്പാനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലാക്കി. മുളങ്ങ് ഭാഗം എത്തുംമുൻപേ ഒരാനയെയും തൊട്ടിപ്പാൾ ഭാഗത്ത് മറ്റേ ആനയെയും എലിഫന്റ് സ്ക്വാഡ് തളച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *