ആറന്മുള ഉത്രട്ടാതി വള്ളംകളി : ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും

പത്തനംതിട്ട: ആവേശകരമായി ആറന്മുള ഉത്രട്ടാതി വള്ളംകളിയിൽ ജലരാജാക്കന്മാരായി മേലുകരയും കൊറ്റത്തൂരും. ഫൈനല്‍ മത്സരത്തില്‍ എ ബാച്ച് വിഭാഗത്തിൽ മേലുകര പള്ളിയോടവും ബി ബാച്ച് വിഭാഗത്തിൽ കൊറ്റാത്തൂര്‍ കൈതക്കോടി പള്ളിയോടവും വിജയികളായി. അതേസമയം, പ്രതിഷേധം ഉയർത്തി കോയിപ്രം പള്ളിയോടം ലൂസേഴ്സ് ഫൈനലില്‍ പങ്കെടുക്കാതെ മടങ്ങി. സമയ നിര്‍ണയത്തില്‍ അപാകതയെന്നായിരുന്നും കോയിപ്രം പള്ളിയോടത്തിന്‍റെ പരാതി.
ആചാരത്തനിമയിൽ ആവേശം ഒട്ടും കുറയാതെ ആറന്മുള ഉത്രട്ടാതി വള്ളംകളി. ജല ഘോഷയാത്രയും വള്ളംകളിയും കാണാൻ നിരവധി ആളുകളാണ് പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയത്. വാശിയേറിയ മത്സരത്തിനൊടുവിൽ എ ബാച്ചിൽ വ്യക്തമായ ലീഡിലാണ് മേലുകര പള്ളിയോടം ഒന്നാമതെത്തിയത്. അയിരൂർ പള്ളിയോടം രണ്ടാമതും മല്ലപ്പുഴശ്ശേരി മൂന്നാമതുമെത്തി. ബി ബാച്ച് വള്ളങ്ങളുടെ ഫൈനൽ മത്സരത്തിൽ വള്ളപ്പാടുകളുടെ വ്യത്യാസത്തിലാണ് കൊറ്റാത്തൂർ കൈതക്കോടി ജയിച്ചത്. കോടിയാട്ടുകര പള്ളിയോടം രണ്ടാമതും ഇടപ്പാവൂർ മൂന്നാമത് ഫിനിഷ് ചെയ്തു. ആഘോഷപ്പൂർവമായാണ് ജേതാക്കൾ മന്നം ട്രോഫി ഏറ്റുവാങ്ങിയത്.
സമയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി മത്സരങ്ങൾ. അതേസമയം, സമയം കണക്കാക്കുന്നതിലെ അപാകത ആരോപിച്ച് കോയിപ്പുറം പള്ളിയോടം ലൂസേസ് ഫൈനലിൽ തുഴഞ്ഞില്ല. സിനിമാതാരം ജയസൂര്യയായിരുന്നു വള്ളംകളിയിലെ മുഖ്യ അതിഥി.