ജലജീവന്‍ മിഷന്‍: സംസ്ഥാനം 380 കോടി രൂപ അനുവദിച്ചു, ഇതുവരെ അനുവദിച്ചത് 11,000 കോടി രൂപ
തിരുവനന്തപുരം∙ ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായി 380 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കേന്ദ്ര വിഹിതമായ 387 കോടി രൂപ അനുവദിച്ചതിനു പിന്നാലെയാണ് കേരളം സംസ്ഥാനത്തിന്റെ വിഹിതം അനുവദിച്ചത്. ഇതോടെ ആകെ 767 കോടി രൂപ കൂടി പദ്ധിക്കായി അനുവദിച്ചു. 40,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 10853.98 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി ഇതുവരെ അനുവദിച്ചിട്ടുള്ളത്.
കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവന്‍ മിഷനില്‍ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 55 ശതമാനത്തോളം കണക്ഷനുകളാണ് നല്‍കിയിട്ടുള്ളത്. ശേഷിക്കുന്നത് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയായ ജലജീവന്‍ മിഷന്‍ തുടങ്ങും മുന്‍പ് സംസ്ഥാനത്ത് 17 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷത്തോളം ആയിട്ടുണ്ട്. കേരള വാട്ടര്‍ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍.