ഗൾഫ് രാജ്യങ്ങൾ ശാന്തതയിലേക്ക് : കീഴടങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ്, സമീപ രാജ്യങ്ങളെ ആക്രമിക്കില്ല’

0
IRAN PRES

ടെഹ്റാൻ/ദുബായ്: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുമ്പോഴും അമേരിക്കയുടെയും ഇസ്രായേലിന്റെയും ഭീഷണികൾക്ക് മുന്നിൽ കീഴടങ്ങില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രഖ്യാപിച്ചു. അതേസമയം, ഇറാന്റെ പ്രത്യാക്രമണങ്ങളിൽ ആഘാതമേറ്റ അയൽരാജ്യങ്ങളോട് അദ്ദേഹം ക്ഷമാപണം നടത്തി. ഇറാന്റെ പരമാധികാരത്തിന്മേൽ കടന്നുകയറാൻ ശ്രമിക്കുന്നവർ ആ ആഗ്രഹം ഖബറിലേക്ക് കൊണ്ടുപോകേണ്ടി വരുമെന്ന് സ്റ്റേറ്റ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ പെസെഷ്കിയൻ മുന്നറിയിപ്പ് നൽകി. “എന്റെ പേരിലും ഇറാന്റെ പേരിലും, ഞങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകേണ്ടി വന്ന അയൽരാജ്യങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു,” പെസെഷ്കിയൻ പറഞ്ഞു. ഇറാനെതിരെ ആക്രമണം നടത്താൻ മണ്ണൊരുക്കാത്ത അയൽരാജ്യങ്ങൾക്ക് നേരെ ഇനി മിസൈൽ വർഷമുണ്ടാകില്ലെന്ന് ഇറാന്റെ ഇടക്കാല നേതൃത്വ കൗൺസിൽ തീരുമാനിച്ചു. എന്നാൽ ശനിയാഴ്ചയും ഗൾഫ് മേഖലയിൽ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 80-ലധികം യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ തകർത്തു.

ടെഹ്റാനിലെ റെവല്യൂഷണറി ഗാർഡ് അക്കാദമി ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഇടങ്ങളാണ് ലക്ഷ്യമിട്ടത്. ഇസ്ഫഹാൻ പ്രവിശ്യയിൽ നിരവധി ആളപായങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യുഎസ് സേനയുള്ള പ്രിൻസ് സുൽത്താൻ എയർ ബേസിനും യുഎഇ അതിർത്തിയോട് ചേർന്നുള്ള ഷെയ്ബ എണ്ണപ്പാടത്തിനും നേരെ ഇറാൻ തൊടുത്ത മിസൈലുകളും ഡ്രോണുകളും സൗദി അറേബ്യ വെടിവെച്ചിട്ടു. റാസ് തനൂറ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണം എണ്ണ ഉൽപ്പാദനത്തെ ബാധിച്ചു. സംഘർഷം പടരുന്ന സാഹചര്യത്തിൽ ബഹ്‌റൈനിൽ അപായ സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിൽ നിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പ്രിമ എന്ന എണ്ണക്കപ്പലിന് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഇവിടെ കപ്പൽ ഗതാഗതം സുരക്ഷിതമല്ലെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇത് ആഗോള എണ്ണ വിപണിയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഇറാൻ “നിരുപാധികം കീഴടങ്ങുക” മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കീഴടങ്ങാൻ തയ്യാറായാൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥ പുനർനിർമ്മിക്കാൻ സഹായിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *