അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: സാക്രൽ എജെനെസിസ് കാരണം അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ബുദ്ധിമുട്ടിയിരുന്ന 14 വയസുകാരിക്ക് അപൂർവ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്. നട്ടെല്ലിനോട് ചേർന്നുള്ള ഭാഗത്തെ ശാസ്ത്രക്രിയായതിനാൽ പരാജയപ്പെട്ടാൽ ശരീരം പൂർണമായിത്തന്നെ തളർന്നുപോകാനും മലമൂത്ര വിസർജനം അറിയാൻ പറ്റാത്ത നിലയിലാകാനും സാധ്യതയുണ്ടായിരുന്നു. അതിസങ്കീർണമായ ഈ ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജ് ന്യൂറോ സർജറി വിഭാഗം വിജയകരമായി നടത്തിയത്. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ മെഡിക്കൽ സംഘത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
സ്‌കൂൾ ആരോഗ്യ പരിശോധനയ്‌ക്കായി എത്തിയ ആരോഗ്യകേരളം നഴ്സ് ലീനാ തോമസിന്റെ ഇടപെടലാണ് കുട്ടിയുടെ ജീവിതത്തിൽ വഴിഞ്ഞിരിവായത്. കുട്ടിയുടെ ക്ലബ് ഫൂട്ടിനെകുറിച്ചും ചികിത്സയെക്കുറിച്ചും സംസാരിച്ച് പിരിയുമ്പോൾ പെട്ടെന്നാണ് കുട്ടി ഡയപ്പെർ ധരിച്ചിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടുതൽ അന്വേഷിച്ചപ്പോഴാണ് തന്റെ ജന്മനായുള്ള അസുഖത്തെ കുറിച്ച് നഴ്സിനോട് പറയുന്നത്. അറിയാതെ മൂത്രവും മലവും പോകുന്നതുമൂലം ദിവസവും 5 മുതൽ 6 വരെ ഡയപ്പെർ ധരിച്ചാണ് ഓരോ ദിവസവും തള്ളിനീക്കിയിരുന്നത്.