സ്ഥാനാർഥി ആരായാലും തൃശൂരിൽ ബിജെപി വിജയിക്കുമെന്ന് സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥി ആരാകുമെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി എന്തായാലും വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന്റെ പിന്നിൽ അതിന്റേതായ കാരണമുണ്ട്. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.
വടകരയിലെ സിറ്റിങ് എം പിയായ കെ മുരളീധരനാണ് തൃശ്ശൂരിൽ സ്ഥാനാര്ഥിയാകുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എൻ പ്രതാപൻ പട്ടികയിൽ ഇടം ലഭിച്ചില്ല. പ്രതാപനെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് വിവരം. മുരളീധരന് പകരം വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി സിദ്ദിഖ് എംഎൽഎയോ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരത്തിനിറങ്ങാനാണ് ധാരണയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ചോദിച്ചപ്പോള്‍ സുരേഷ് ഗോപി പ്രതികരണമില്ലെന്നായിരുന്നു വ്യക്തമാക്കിയത്. പത്മജയുടെ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ബിജെപിക്ക് അകത്തുനിന്ന് എതിര്‍പ്പുകളുയരുന്നതായും വിവരമുണ്ട്. ഈ സാഹചര്യത്തിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തനിക്ക് പ്രശ്നമല്ലെന്ന നിലപാട് സുരേഷ് ഗോപി കൂട്ടിച്ചേർക്കുന്നത്.