അന്വേഷണം കൃത്യമല്ല, എന്നെ കുറ്റവാളിയാക്കുന്നു, ഇനി പാര്‍ട്ടിയിലും വിശ്വാസമില്ല: പി.വി അൻവർ

0

മലപ്പുറം: താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം പരിതാപകരമെന്ന് പി വി അന്‍വര്‍ എംഎല്‍എ. പാര്‍ട്ടി അഭ്യര്‍ത്ഥന മാനിച്ച് ഇനി മാധ്യമങ്ങളെ കാണേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ എസ്പി ഓഫീസിലെ മരംമുറി ഉള്‍പ്പെടെ താന്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. ഇന്നലെ വരെ പാര്‍ട്ടില്‍ തനിക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് അവസാനിച്ചു. ഇനി പരാതികളുമായി ഹൈക്കോടതിയിലേക്ക് പോകുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘എന്റെ പരാതിയില്‍ കേസ് അന്വേഷണം ശരിയായ രീതിയില്‍ അല്ല നടക്കുന്നത്. എസ്പി ഓഫീസിലെ മരംമുറി കേസിലും സ്വര്‍ണം പൊട്ടിക്കല്‍ കേസിലും അന്വേഷണം കാര്യക്ഷമമല്ല. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ കേസ് അേേന്വഷണവും ശരിയായ ദിശയിലല്ല. ഉന്നയിച്ച വിഷയങ്ങളില്‍ രക്ഷപ്പെടാന്‍ മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കാനാണ് ശ്രമിക്കുന്നത്. കള്ളക്കടത്തുകാരുമായി തനിക്ക് ബന്ധമുള്ളപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്. കള്ളക്കടത്തുകാരെ മഹത്വവത്കരിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെ കുറ്റവാളിയാക്കുകയാണ്. പി ശശിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയില്‍ വിശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെത്തോടെ ആ വിശ്വാസവും ഇല്ലാതായി. പി ശശിക്കെതിരെയുള്ള ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി പറഞ്ഞത്. പരാതിയില്‍ കഴമ്പില്ലെങ്കില്‍ അതിന്റെ അര്‍ഥം പരാതി ചവറ്റുകുട്ടയില്‍ എന്നല്ലേ. ഇത് എനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. നീതിപൂര്‍വ്വമായ ഒന്നും നടക്കുന്നില്ല. പരാതിയുമായി നിയമവഴിയിലേക്ക് നീങ്ങും. ഹൈക്കോടതിയെ സമീപിക്കും’, അന്‍വര്‍ പറഞ്ഞു.

‘ഞാന്‍ സിപിഎമ്മുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് എട്ടുവര്‍ഷമായിട്ടുള്ളൂ എന്നാണ് ചിലരുടെ വിചാരം. യഥാര്‍ഥത്തില്‍ ഡിഐസി കോണ്‍ഗ്രസിലേക്ക് പോയത് മുതല്‍ സിപിഎമ്മുമായി ഞാന്‍ സഹകരിക്കുന്നുണ്ട്. ഇവിടെ നിന്ന് എന്നെ പിടിച്ചുകൊണ്ടുപോകുമോ എന്ന് എനിക്ക് അറിയില്ല.അജിത് കുമാര്‍ എന്ന നൊട്ടോറിയസ് ക്രിമിനല്‍ അതും ചെയ്യും. മലപ്പുറം ജില്ലാ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങള്‍ അറിയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കും. പക്ഷേ ഞാന്‍ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് ജില്ലാ സെക്രട്ടറിയോട് ചോദിക്കാന്‍ പോലും അദ്ദേഹം തയ്യാറായില്ല. അജിത് കുമാര്‍ എഴുതി കൊടുത്ത കഥയും തിരക്കഥയും മുഖ്യമന്ത്രി വായിക്കുകയാണ്. ഞാന്‍ ഇന്നലെ രണ്ടുമണിക്കാണ് കിടന്നത്. എന്റെ പിന്നില്‍ പൊലീസ് ഉണ്ട്. ഇന്നലെ രാത്രിയും വീടിന് അടുത്ത് രണ്ടു പൊലീസുകാര്‍ ഉണ്ടായിരുന്നു’, പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

തൻ്റെ ഭാഗത്തെ സത്യാവസ്ഥ താൻ തെളിയിക്കണമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പറഞ്ഞു. ‘താൻ സ്വയം പല നിലക്ക് കര്യങ്ങൾ അന്വേഷിച്ചു. താൻ നടത്തിയ അന്വേഷണം മുഴുവൻ തനിക്കെതിരെ ആക്കാൻ ശ്രമം നടക്കുന്നു. ഇന്ന് പത്രസമ്മേളനം നടത്താൻ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങൾ പറയണമല്ലോ’യെന്നും അൻവർ കൂട്ടിച്ചേർത്തു.

നേരത്തെ, ആത്മാഭിമാനം അതിത്തിരികൂടുതലാണെന്ന് പറഞ്ഞാണ് മാധ്യമങ്ങളെ കാണുന്ന കാര്യം അൻവർ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നത്. പി.ശശിക്കെതിരെയും എഡിജിഎി എം.ആർ അജിത്കുമാറിനുമെതിരെ രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച അൻവറിനെ സിപിഎം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാർട്ടിയെ അനുസരിക്കുമെന്ന് പറഞ്ഞ് പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *