അൻസിലിൻ്റെ മരണം : പെൺസുഹൃത്ത് അറസ്റ്റിൽ

0
ansil

എറണാകുളം: കോതമംഗലം മാതിരപ്പിള്ളി സ്വദേശി അൻസിൽ (38) മരിച്ച  സംഭവവുമായി ബന്ധപ്പെട്ട് അൻസിലിൻ്റെ പെൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാസം 30-ന് പുലർച്ചെ നാലരയോടെ യുവതിയുടെ വീടിന് സമീപത്തുവച്ച് യുവതി അൻസിലിന് വിഷം നൽകിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. അവശനിലയിലായ അൻസിലിനെ മാതൃസഹോദരനാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ വച്ച് പെൺസുഹൃത്ത് വിഷം നൽകിയതായി അൻസിൽ മാതൃസഹോദരനോട് പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ മാതൃസഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഭാരതീയ ന്യായ സംഹിതയിലെ 109ആം വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തത്. യുവതിയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻസിൽ മരിച്ചത്. പോസ്റ്റ്‌മോർട്ടം പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അൻസിൽ മരിച്ച സാഹചര്യത്തിൽ യുവതിക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയേക്കും. പ്രതിയായ യുവതി നേരത്തെ ഒരു പീഡനക്കേസിലെ അതിജീവിതയായിരുന്നു. ഈ സാഹചര്യത്തിൽ അവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *