സിനിമ ആരുടേയും കുത്തകയല്ല, പേരുകൾ പുറത്തുവിടണം; അൻസിബ
ശക്തമായ തെളിവുകൾ വേട്ടക്കാർക്കെതിരെ ഉണ്ടെങ്കിൽ അവരുടെ പേര് വെളിപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് അംഗവും നടിയുമായ അൻസിബ. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾ പ്രശ്നം നേരിടുന്നുണ്ടെന്ന് അൻസിബ പറഞ്ഞു.
‘ഞാൻ ‘അമ്മ’ എക്സിക്യൂട്ടീവ് അംഗം എന്നതിനെക്കാൾ അൻസിബ എന്ന വ്യക്തിയായി സംസാരിക്കുന്നതാണ് നല്ലത്. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകൾ പ്രശ്നം നേരിടുന്നുണ്ട്. അവർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണം. ഈ റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ തെളിവുകൾ വേട്ടക്കാർക്കെതിരെ ഉണ്ടെങ്കിൽ പേര് വെളിപ്പെടുത്തുന്നതിൽ എന്താണ് തെറ്റ്. പേരുകൾ പ്രസിദ്ധീകരിക്കുക തന്നെ വേണം.
ഇത്തരം വിഷയത്തിൽ പ്രതികരിക്കുമ്പോൾ ഭയമില്ലേയെന്ന് ചോദിക്കാറുണ്ട്. ഞാൻ ആരെയും ഭയപ്പെടുന്നില്ല, എന്നെ ആരും ഭയപ്പെടുത്തിയിട്ടുമില്ല. സിനിമ ആരുടേയും കുത്തകയല്ല. ഇത്രയും പറഞ്ഞതുകൊണ്ട് പ്രശ്നം വരുമെന്ന് ചിന്തിക്കാറില്ല. വരുന്നെങ്കിൽ തന്നെ നേരിടും. ഞാൻ ആരുടേയും സഹായം കൊണ്ട് ഇവിടെ എത്തിയ ആളല്ല. പാർവതി ചേച്ചിയുടെ എഫർട്ട് കൊണ്ടാണ് അവർ പാർവതി തിരുവോത്ത് എന്ന ബ്രാൻഡ് ആയത്. അത് അവരുടെ കഴിവും വ്യക്തിത്വവുമാണ്, ആരുടേയും ഔദാര്യമല്ല.
‘അമ്മ’ ഷോ ഉണ്ടായിരുന്നതിനാൽ എല്ലാവരും തിരക്കിലായിരുന്നു. എല്ലാവരും പല സ്ഥലത്തായിരുന്നു. ‘അമ്മ’യുടെ പ്രതികരണം വെെകി എന്നത് സത്യമാണ്. പവർ ഗ്രൂപ്പ് ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷേ കേൾക്കുമ്പോൾ അത്ഭുതമാണ്. എന്താണെങ്കിലും സർക്കാർ കണ്ടുപിടിക്കട്ടെ.
പ്രതികരിക്കുന്ന ഏത് സ്ത്രീയുടേയും വീഡിയോയുടെ താഴെ പോയി നോക്കിയാൽ കേട്ടാലറയ്ക്കുന്ന കമന്റുകളാണ് കാണാനാവുക. നമ്മുടെ സമൂഹത്തിലുള്ള കീടാണുക്കളാണിവ. സിനിമയുടെ മാത്രം കാര്യമല്ല. അവരെ തിരുത്താനാവില്ല. സമൂഹത്തിൽ എന്റെ ഇമേജിന് കോട്ടംതട്ടുമോ എന്നെ മോശക്കാരിയാക്കുമോ എന്നുള്ള ഭയമുണ്ടാവും. ഇപ്പോൾ മോശം പെരുമാറ്റമുണ്ടായാൽ ബഹളംവെച്ച് പ്രതികരിക്കണം എന്ന് അമ്മമാർ പറഞ്ഞുകൊടുക്കുന്നിടത്തേക്ക് കാര്യങ്ങൾ വളർന്നു. സമൂഹം നമുക്കൊപ്പമുണ്ടെന്ന് മനസിലാക്കിക്കഴിഞ്ഞാൽ എല്ലാവരും പരാതികളുമായി മുന്നോട്ടുവരും.
നമ്മൾ ഒരു കേസ് കൊടുക്കുകയാണെങ്കിൽ ഒരുപാട് വർഷമാണ് ഇതിനുപിന്നാലെ അലയേണ്ടത്. കല്യാണത്തീയതി മാറ്റിയിട്ടുപോലും കേസിന് പോകുന്നയാളുകളുണ്ട്. വക്കീൽ ഫീസടക്കമുള്ള പണച്ചെലവ്. നമുക്ക് വരവ് കുറവും ചെലവ് കൂടുതലും ആവുകയാണ്. മൊത്തത്തിൽ നോക്കുകയാണെങ്കിൽ കേസിനുപോയാൽ ജീവിതം തീർന്നു എന്ന അവസ്ഥയാണ്. സമയം തിരിച്ചുപിടിക്കാനാവില്ലല്ലോ. ഇങ്ങനെയുള്ള കുറേ കാര്യങ്ങളുള്ളതുകൊണ്ടാണവർ കേസിനുപോകാൻ ഭയപ്പെടുന്നത്. ശരിക്ക് ഒരു അതിവേഗ കോടതിയാണ് നമുക്ക് വേണ്ടത്. ഇത്രയും വൃത്തികെട്ട, നീചമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ 15 ദിവസത്തിനകം ശിക്ഷാ നടപടികൾ സ്വീകരിക്കുന്ന രീതിയിലുള്ള സംവിധാനം വരണം. അങ്ങനെയായാൽ കൂടുതൽ പേർ കേസുമായി മുന്നോട്ടുവരും. അതോടൊപ്പം മറ്റുള്ളവർ കുറ്റംചെയ്യാൻ പേടിക്കുകയുംചെയ്യും.
എന്നാൽ ഇതിനർത്ഥം എല്ലാ പുരുഷന്മാരും മോശക്കാരാണ് എന്നല്ല. വേട്ടക്കാർ സ്ത്രീയാണോ പുരുഷനാണോ എന്ന് നോക്കേണ്ട. വ്യക്തമായ തെളിവുകളും രേഖകളുമുണ്ടെങ്കിൽ അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരികതന്നെ വേണം. മോശം അനുഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. പരാതിപ്പെടാൻ മടിക്കുന്നത് നേരത്തേ പറഞ്ഞതുപോലുള്ള കാരണങ്ങൾകൊണ്ടാണ്. ഇതൊന്നും ഇല്ല എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല, ഉള്ളതുതന്നെയാണ്. അത് സിനിമാ മേഖലയിൽ മാത്രമല്ല, സമൂഹത്തിലെ മറ്റ് മേഖലകളിലും ഉണ്ട് എന്നതാണ് സത്യം.
ജോമോൾ ചേച്ചി അവരുടെ അനുഭവമാണ് പറഞ്ഞത്. എന്നോട് എൻ്റെ സുഹൃത്തുക്കൾ അവർ നേരിട്ട പ്രശ്നങ്ങൾ പറഞ്ഞിട്ടുണ്ട്. എനിക്ക് പല മെസേജുകൾ വന്നിട്ടുണ്ട്. ഞാൻ അനുഭവിച്ചത് പറയുന്നുണ്ട്. അത് ഓരോരുത്തർ തങ്ങളുടെ യുക്തിക്കനുസരിച്ച് പറയുന്നു എന്നേയുള്ളൂ.
അമ്മ സംഘടനയ്ക്കുള്ളിൽ ഭിന്നിപ്പൊന്നുമില്ല. ഓരോരുത്തരും സംസാരിക്കുമ്പോൾ തീർച്ചയായും വ്യക്തിഗത അഭിപ്രായം ഉയർന്നുവരും. ഞാൻ സംസാരിക്കുമ്പോൾ എൻ്റെ വ്യക്തിത്വം പുറത്തുവരും. ജയൻ ചേട്ടനും ജഗദീഷ് ചേട്ടനും സംസാരിക്കുമ്പോൾ അവരുടെ വ്യക്തിത്വം പുറത്തുവരും.
നീതി വെെകിയിരിക്കുകയാണ്, നാലഞ്ച് വർഷമായി അവർ കാത്തിരിക്കുകയാണ്. നീതി കിട്ടണം. മൊഴി കൊടുത്തവർ തങ്ങളുടെ പേര് പുറത്തുവരുമോ എന്ന ഭയത്തിലാണ്. പേര് പ്രസിദ്ധീകരിക്കില്ല എന്ന ഉറപ്പിലാണ് അവർ വെളിപ്പെടുത്തൽ നടത്തിയത്. ആരോപണ വിധേയർക്കെതിരെ തെളിവുകൾ ഉണ്ടെങ്കിൽ ശക്തമായ നടപടി എടുക്കണം, അഴിക്കുള്ളിൽ ആവണം.’, അൻസിബ പറഞ്ഞു.