അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം :ആദിവാസി യുവാവ് ചവിട്ടേറ്റ് മരിച്ചു

പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അട്ടപ്പാടി ചീരങ്കടവിലെ വെള്ളിങ്കിരി (40) ആണ് മരിച്ചത്. പശുവിനെ മേയ്ക്കാൻ കാട്ടിലേക്ക് പോയ യുവാവ് രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയപ്പോഴാണ് കാട്ടിൽ മൃതദേഹം കണ്ടെത്തിയത്.
ദേശത്ത് കാട്ടാനയുടെ ആക്രമണത്തിൽപ്പെട്ട് തുടർച്ചയായി ഉണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇത്. കഴിഞ്ഞ മെയ് മാസത്തില്‍ അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി വയോധികൻ മരിച്ചിരുന്നു. ചീരക്കടവ് ഊരിലെ മല്ലൻ (75) ആണ് മരിച്ചത്.കാടിറങ്ങി വന്ന നാല് കാട്ടാനകളിലൊന്ന് മല്ലനെ തുമ്പിക്കയ്യിലിട്ട് ചുഴറ്റി എറിയുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളുടെ കൺമുന്നിൽ വെച്ചായിരുന്നു സംഭവം. ഏപ്രിൽ 27 ന് കാട്ടിൽ വിറകു ശേഖരിക്കാൻ പോയ മുൻ വനം വകുപ്പ് വാച്ചർ കാളി (63) ആനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു.