മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോ അയോവ?; 2 വട്ടം ട്രംപിനെ ജയിപ്പിച്ച സംസ്ഥാനത്ത് കമലയ്ക്ക് മുൻതൂക്കം

0

വാഷിങ്ടൻ∙  യുഎസ് തിരഞ്ഞെടുപ്പിൽ മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോ അയോവ? മുൻപ് രണ്ടുവട്ടം റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ജയിപ്പിച്ച അയോവയിൽ ഏറ്റവും അവസാനം പുറത്തുവന്ന അഭിപ്രായ സർവേയിൽ ഡമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസ് മുന്നേറുന്നുവെന്ന വാർത്ത റിപ്പബ്ലിക്കൻ ക്യാംപിനെ ഞെട്ടിച്ചു. 65 വയസ്സിനുമുകളിൽ പ്രായമുള്ള സ്ത്രീകളും നിഷ്പക്ഷ വോട്ടർമാരും ഉൾപ്പെടെയുള്ളവരാണ് കമലയുടെ പക്ഷത്തേക്കു തിരിഞ്ഞതെന്നാണു പുറത്തുവരുന്ന വിവരം. ഡെ മോയിൻ റജിസ്റ്റർ പത്രമാണ് അഭിപ്രായസർവേ നടത്തിയത്. സർവേ പ്രകാരം ട്രംപിന് 44 ശതമാനവും കമലയ്ക്ക് 47 ശതമാനവുമാണു പിന്തുണ.

സർവേ പുറത്തുവന്നതിനു പിന്നാലെ കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞ് ട്രംപ് രംഗത്തെത്തി. ‘‘അയോവയിൽനിന്നുള്ള സെനറ്റർ ജോണി ഏൺസ്റ്റും മറ്റു പലരും വിളിച്ചു. അവർ പറഞ്ഞത് അയോവയിൽ എനിക്കു തന്നെയാണ് മേധാവിത്വമെന്നാണ്. കര്‍ഷകർ എന്നെ ഇഷ്ടപ്പെടുന്നു. ഞാനവരെയും’’– പെൻസിൽവേനിയയിലെ യോഗത്തിൽ ട്രംപ് പറഞ്ഞു. അരിസോണ, ജോർജിയ, മിഷിഗൻ, നെവാഡ, നോർത്ത് കാരോലൈന, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നീ സ്വിങ് സ്റ്റേറ്റുകളുടെ കൂട്ടത്തിൽപ്പെടുന്നതായിരുന്നില്ല അയോവ. ഈ സംസ്ഥാനങ്ങളിലേക്ക് പലവട്ടം പ്രചാരണത്തിനെത്തിയ സ്ഥാനാർഥികൾ ഏറ്റവും കുറവ് വന്നിരിക്കുന്ന സംസ്ഥാനങ്ങളിലൊന്ന് അയോവയാണ്.

അതുകൊണ്ടുതന്നെ അയോവ മറ്റൊരു സ്വിങ് സ്റ്റേറ്റ് ആയി മാറുമോയെന്ന ഭീതി ഇരുപാർട്ടികൾക്കുമുണ്ട്.  എന്നാൽ അയോവ ഒരു റിപ്പബ്ലിക്കൻ ശക്തികേന്ദ്രമാണെന്നും പറയാനാകില്ല. 2008ലും 2012ലും ബറാക് ഒബാമയെ പിന്തുണച്ച സംസ്ഥാനമാണിത്. അതേസമയം, ഞായറാഴ്ചത്തെ കണക്ക് വച്ച് ഏഴരക്കോടി അമേരിക്കൻ പൗരന്മാർ ഇതുവരെ വോട്ട് രേഖപ്പെടുത്തിയെന്ന് യൂണിവേഴ്സിറ്റി ഓഫ് ഫ്ലോറിഡയിലെ ഇലക്‌ഷൻ ലാബ് അറിയിച്ചു. ഏർലി വോട്ടിങ് (നേരത്തേ വോട്ടു രേഖപ്പെടുത്താനുള്ള സൗകര്യം) മെയിൽ–ഇൻ വോട്ടിങ് എന്നിവ വഴിയാണ് ഇത്രയധികംപേർ വോട്ടു രേഖപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *