അവകാശങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു മെയ് ദിനം

ഇന്ന് മെയ് 1 . ലോകതൊഴിലാളി ദിനം . ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. മഹാരാഷ്ട്രയെ സംബന്ധിച്ചാണെങ്കിൽ സംസ്ഥാനത്തിൻ്റെ സ്ഥാപക ദിനം കൂടിയാണിന്ന് .
എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ല്‍ ഓസ്‌ട്രേലിയയില്‍ ആണ്. മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനം കൂടിയാണ് . ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്. എണ്‍പതോളം രാജ്യങ്ങളില്‍ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
1886 ല്‍ അമേരിക്കയിലെ ചിക്കാഗോയില്‍ നടന്ന ഹേയ് മാര്‍ക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാര്‍ത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നും കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേര്‍ക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാര്‍ക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതന്‍ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടര്‍ച്ചയായി വെടിവെപ്പ് നടത്തുകയുമായിരുന്നു എന്ന് ചരിത്രം .
1894ൽ അന്നത്തെ പ്രസിഡൻ്റ് ക്ലീവ്‌ലൻഡാണ് മെയ്1 തൊഴിലാളി ദിനമായും പൊതു അവധി ദിനമായും പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ 1923ൽ മദ്രാസിലാണ് ആദ്യമായി മെയ് ദിനം ആഘോഷിച്ചത്. മറു മലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറൽ സെക്രട്ടറി വൈക്കോ ആണ് തൊഴിൽ ദിനം പൊതു അവധി ആക്കണമെന്ന് അന്നത്തെ പ്രധാന മന്ത്രിയായിരുന്ന വിപി സിംഗിനോട് ആവശ്യപ്പെട്ടത് .അതിനു ശേഷമാണ് മെയ്1 ഇന്ത്യയിൽ പൊതു അവധി ആയത്.
ആണ്ടുതോറും തൊഴിലാളി ദിനം ആഘോഷിച്ചതുകൊണ്ടൊന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നില്ല എന്നതാണ് വർത്തമാനകാല യാഥാർഥ്യം . തൊഴിൽ പീഡനങ്ങൾ ഇപ്പോഴും വ്യാപകമായി ഇവിടെ നിലനിൽക്കുന്നുണ്ട്. ചെയ്യുന്ന ജോലിക്ക് അർഹതപ്പെട്ട വേതനം നൽകാതെയും തങ്ങളുടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാസങ്ങളോളം ശമ്പളം നൽകാതെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചും മുതലാളിവർഗ്ഗം ഇപ്പോഴും ഇവിടെ സുഖിച്ചു ജീവിക്കുന്നുണ്ട് . തൊഴിലാളികളുടെ രക്തവും വിയർപ്പും തങ്ങളുടെ വികസനത്തിലും വളർച്ചയിലും സുപ്രധാന പങ്കുവഹിക്കുന്നുണ്ട് എന്ന തിരിച്ചറിവില്ലാതെ അവർക്കുള്ള മനുഷ്യാവകാശങ്ങൾ നിഷേധിച്ചുകൊണ്ട് വലിയ സാമ്രാജ്യങ്ങൾ സ്വപ്നം കാണുന്ന മുതലാളിമാർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ ഈ തൊഴിലാളി ദിനം .
സഹ്യ ന്യുസിൻ്റെ എല്ലാ വായനക്കാർക്കും ലോക തൊഴിലാളി ദിന ആശംസകൾ…