അനിലയുടെ മരണം; കൊലപാതകമെന്ന് തെളിയിക്കുന്ന പോസ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്
കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. യുവതിയുടെ മരണം കൊലപാതകം തന്നെയെന്ന് തെളിയിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. കഴുത്തിൽ ഷാൾ മുറുക്കിയതിന്‍റെയും മുഖത്ത് അടിയേറ്റതിന്‍റെയും അടയാളങ്ങൾ റിപ്പോര്‍ട്ടിലുണ്ട്.
ഇന്നലെയാണ് കണ്ണൂർ പയ്യന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ മാതമംഗലം കോയിപ്ര സ്വദേശി അനിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ അനിലയുടെ സുഹൃത്ത് സുദർശൻ പ്രസാദിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. യുവതിയുടെ മരണം കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. അനിലയെ കൊന്ന ശേഷം സുഹൃത്ത് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം.
ബെറ്റി എന്നയാളുടേ വീട്ടിലാണ് അനിലയുടെ മൃതദേഹം കണ്ടെത്തിയത്. ബെറ്റിയുടെ കുടുംബം വിനോദയാത്രക്ക് പോയതിനാൽ സുദർശനെ വീട് നോക്കാൻ ഏൽപിക്കുകയായിരുന്നു. മരിച്ച അനില എങ്ങനെയാണ് ബെറ്റിയുടെ വീട്ടിലെത്തിയതെന്നതിൽ വ്യക്തത ലഭിച്ചിട്ടില്ല. യുവതിയുടെ മൃതദേഹം കണ്ടെത്തിയ കൊയിപ്രയും, യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മാതമംഗലവും തമ്മില്‍ 22 കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്.