ഇന്നും വ്യാജ ബോംബ് ഭീഷണി; ലഭിച്ചത് 85 വിമാനങ്ങൾക്ക്, രണ്ടാഴ്ചയ്ക്കിടെ 265 വ്യാജ ഭീഷണികൾ
ന്യൂഡൽഹി∙ രാജ്യത്ത് വിമാന സർവീസുകൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. വ്യാഴാഴ്ച മാത്രം 85 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എയർ ഇന്ത്യ, ഇൻഡിഗോ, വിസ്താര വിമാനക്കമ്പനികളുടെ 20 വീതം വിമാനങ്ങൾക്കും ആകാശ എയർലൈൻസിന്റെ 25 വിമാനങ്ങൾക്കുമാണ് ഇന്ന് ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെ ഭീഷണി സന്ദേശം ലഭിച്ച വിമാനസർവീസുകളുടെ എണ്ണം 265 ആയി. വിമാനസർവീസുകൾക്ക് നേരെ വ്യാജ ഭീഷണി സന്ദേശം അയക്കുന്നത് ഗുരുതര കുറ്റകൃത്യമാക്കുമെന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷവും ഭീഷണി സന്ദേശം ലഭിക്കുന്നതിൽ കുറവില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വ്യാജ ബോംബ് ഭീഷണികൾക്ക് പിന്നാലെ, അന്വേഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ മെറ്റ, എക്സ് കമ്പനികളെ സമീപിച്ചിരുന്നു. എന്നാൽ വിമാനക്കമ്പനികൾക്ക് വ്യാജ ബോംബ് ഭീഷണികൾ നൽകിയതായി ആരോപിക്കപ്പെടുന്ന സംശയാസ്പദമായ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ എക്സ് നൽകിയിരുന്നില്ല. ഇതോടെ എക്‌സിനെതിരെ കേന്ദ്രസർക്കാർ രംഗത്തെത്തുകയും ചെയ്തിരുന്നു. വിമാനക്കമ്പനികൾക്ക് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തിൽ ഡൽഹി പൊലീസ് ഇതുവരെ എട്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്‌ടോബർ 16-ന് ബെംഗളൂരുവിലേക്കുള്ള ആകാശ എയർ വിമാനത്തിന് എക്‌സ് വഴി ലഭിച്ച ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ടാണ് ആദ്യ കേസ് റജിസ്റ്റർ ചെയ്തത്.